മാലിന്യം വലിച്ചെറിഞ്ഞ വീഡിയോ വൈറലായി ; പിന്നാലെ 23 കാരന്‍ ജീവനൊടുക്കി

suicide

ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് സാമുവല്‍ സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.

ഗോവയിലെ മാപുസ സ്വദേശിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ സാമുവല്‍ ഡി ബ്രാഗങ്ക  (23) സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോയെ തുടര്‍ന്നുണ്ടായ കടുത്ത വിമര്‍ശനങ്ങള്‍ക്കും നിയമനടപടികള്‍ക്കും പിന്നാലെ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നതായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ യുവാവിനെതിരെ നടപടി ആവശ്യപ്പെടുകയും ഓണ്‍ലൈനില്‍ വലിയ തോതില്‍ ട്രോളിംഗും വിമര്‍ശനവും ഉയരുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. സാമുവല്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് സാമുവല്‍ സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിഡിയോ വൈറലായതിനു ശേഷം സാമുവല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും സമൂഹമാധ്യമങ്ങളിലെ അപമാനവും ട്രോളിംഗും അദ്ദേഹത്തെ തളര്‍ത്തിയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആത്മഹത്യയും വൈറല്‍ വിഡിയോയും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്ന് പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവം വിശദമായി അന്വേഷിച്ചുവരികയാണ്.

Tags