'വെട്രിവേല്‍ മുരുകനുക്ക് ഹരോഹര' ; തിരുപ്പരന്‍കുണ്ഡ്രം സുപ്രീംകോടതി ഉത്തരവില്‍ പ്രധാനമന്ത്രി

modi

എക്‌സില്‍ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മുരുകനെ വാഴ്ത്തിക്കൊണ്ടായിരുന്നു പരാമര്‍ശം.

തിരുപ്പരന്‍കുണ്ഡ്രം മലമുകളില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബര്‍ 28-ന് ദീപം തെളിയിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. നവംബര്‍ 20-ലെ ഇടക്കാല ഉത്തരവ് തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാര്‍ മനഃപൂര്‍വം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

വെട്രിവേല്‍ മുരുകനുക്ക് ഹരോഹര!'' എന്ന് കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഉത്തരവ് സ്വാഗതം ചെയ്തത്. എക്‌സില്‍ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മുരുകനെ വാഴ്ത്തിക്കൊണ്ടായിരുന്നു പരാമര്‍ശം.

ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍നിന്ന് ദീപം തെളിയിച്ച ശേഷം തിരുപ്പരന്‍കുണ്ഡ്രം മലയിലെ ശിലാസ്തംഭത്തിന് മുകളില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതോടൊപ്പം അരുള്‍മിഗു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോര്‍ഡിനെ കോടതി സസ്‌പെന്‍ഡ് ചെയ്തു. ക്ഷേത്രഭരണം നിരീക്ഷിക്കാന്‍ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാരെ റിസീവര്‍മാരായും നിയമിച്ചു. ക്ഷേത്രത്തിന്റെയും മലയുടെയും സുരക്ഷാ ചുമതല സിആര്‍പിഎഫിന് കൈമാറുകയും ചെയ്തു.

കോടതി ഉത്തരവുകള്‍ മനഃപൂര്‍വം ലംഘിക്കുന്നവരോട് ഇരുമ്പുമുഷ്ടിയോടെ ഇടപെടുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. കോടതി അലക്ഷ്യത്തിന് ചീഫ് സെക്രട്ടറി, ഡിജിപി, ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) വകുപ്പിലെ ഉദ്യോഗസ്ഥര്‍, മധുര ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട്, ക്ഷേത്രത്തിലെ അഞ്ച് ട്രസ്റ്റിമാര്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

Tags