വെനിസ്വേലയിലുണ്ടായ അതിശക്തമായ ഭൂചലനം ; അനുശോചനമറിയിച്ച് നരേന്ദ്ര മോദി

modi

 കറാക്കസ് : വെനിസ്വേലയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം വെനിസ്വേലയിൽ ഉണ്ടായ 7.2, 7.5 തീവ്രതയുള്ള ഭൂചലനത്തിൽ 32 പേർ മരണപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ദുരന്തത്തിൽ അനുശോചനം രേഖ​പ്പെടുത്തിയ പ്രധാനമന്ത്രി വെനിസ്വേലക്ക് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തു.

തന്റെ എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി വെനിസ്വേലയിലെ സർക്കാരിനും ജനങ്ങൾക്കും ഇന്ത്യയുടെ പിന്തുണ അറിയിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഈ ദുഷ്കരമായ സാഹചര്യത്തിൽ ഇന്ത്യ വെനിസ്വേലക്കൊപ്പം നിലകൊള്ളുമെന്നും മോദി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്കായി എല്ലാവിധ സഹായങ്ങളും നൽകാൻ ഇന്ത്യ സജ്ജമാണെന്നും മോദി കൂട്ടിച്ചേർത്തു.

വെനിസ്വേലയിലെ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിന് നിരവധി രാജ്യങ്ങൾ ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്. അമേരിക്ക, ബ്രസീൽ, ബൊളീവിയ, അർജന്റീന, ഉറുഗ്വേ, പനാമ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംഘങ്ങളെയും മെഡിക്കൽ സാമഗ്രികളും അയക്കാൻ യു.എസ് തയാറെടുക്കുന്നതായും വിദേശകാര്യ വകുപ്പ് അറിയിച്ചു. ദുരന്തത്തിൽപെട്ടവർക്ക് അനുശോചനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും രംഗത്തുവന്നിട്ടുണ്ട്. 

Tags