പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ ‘ഇ-20’ ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് കുറയും ; ഔദ്യോഗികമായി അംഗീകരിച്ച് ഗഡ്കരി
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ ‘ഇ-20’ ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് കുറയുമെന്ന കാര്യം കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും പെട്രോളിയം മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇ-20 ഉപയോഗം മൂലം വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ താപമൂല്യം കുറവായതാണ് മൈലേജ് കുറയാൻ കാരണമെന്ന് ഗഡ്കരി വ്യക്തമാക്കി. എന്നാൽ, വാഹനം ഓടുന്ന സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും ഈ കുറവിന്റെ തോതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്രോളിൽ എഥനോൾ കലർത്തുന്നത് പഴയ വാഹനങ്ങളിലെ ചെറിയ ഭാഗങ്ങൾക്ക്, പ്രത്യേകിച്ച് ചില വാഷറുകൾക്ക് കേടുപാടുകൾ വരുത്തുമെന്ന് മന്ത്രി സമ്മതിച്ചു. ഇതിന് പരിഹാരമായി വാഹന നിർമാതാക്കളോട് ലോഹം കൊണ്ടുള്ള വാഷറുകൾക്ക് പകരം റബർ വാഷറുകൾ സൗജന്യമായി മാറ്റി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇ-20 ഉപയോഗിക്കുമ്പോൾ പെട്രോളിനേക്കാൾ വില കുറവായിരിക്കുമെന്ന ധാരണയും മന്ത്രാലയം തിരുത്തി. എഥനോളിന്റെ സംഭരണ വില കർഷകർക്ക് പ്രതിഫലം നൽകാനായി നിശ്ചയിച്ചിട്ടുള്ളതിനാൽ, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറയുമ്പോൾ പോലും ഇ-20 ഇന്ധനത്തിന് വില കുറയാൻ സാധ്യതയില്ല. ഇന്ധനവില കുറയ്ക്കുന്നതിനേക്കാൾ, ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഊർജസുരക്ഷ ശക്തിപ്പെടുത്തുക, പരിസ്ഥിതി സൗഹൃദമായ കുറഞ്ഞ കാർബൺ പുറന്തള്ളൽ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മൈലേജ് കുറയുമെങ്കിലും ഇ-20 ഇന്ധനത്തിന് മറ്റ് ചില ഗുണങ്ങളുണ്ടെന്ന് പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വേഗത്തിലുള്ള ജ്വലനം, സുഗമമായ ആക്സിലറേഷൻ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ ഇ-10, ഇ-20 എന്നിങ്ങനെ വിവിധ ഗ്രേഡുകൾ പമ്പുകളിൽ പ്രത്യേകം ലഭ്യമാക്കണമെന്ന ആവശ്യം, ചെലവ് വർധിക്കുമെന്ന കാരണത്താൽ മന്ത്രാലയം തള്ളുകയും ചെയ്തു.
എന്തായാലും ഇ-20 ഇന്ധനം വ്യാപകമാകുമ്പോൾ പഴയ വാഹന ഉടമകൾക്ക് കൂടുതൽ ജാഗ്രത പാലിക്കേണ്ടി വരും. മൈലേജ് കുറയുന്നതും എൻജിൻ ഭാഗങ്ങളിലുണ്ടാകുന്ന തകരാറുകളും സാമ്പത്തിക ബാധ്യതയാകുമോ എന്ന ആശങ്കയിലാണ് വാഹന ഉടമകൾ. ഊർജസുരക്ഷയ്ക്കായുള്ള സർക്കാരിന്റെ ഈ നീക്കം വരുംനാളുകളിൽ ഇന്ത്യൻ റോഡുകളിൽ എന്ത് മാറ്റമാണ് വരുത്തുകയെന്ന് കണ്ടുതന്നെ അറിയണം.
.jpg)

