ഛത്തീസ്ഗഢിൽ വാഹനാപകടം; ബിജെപി രാജ്യസഭാ എംപി ലക്ഷ്മി വർമയ്ക്ക് പരിക്ക്, വലതുകൈ ഒടിഞ്ഞു

Vehicle accident in Chhattisgarh; BJP Rajya Sabha MP Lakshmi Verma injured, right arm broken

 റായ്പുർ: ഛത്തീസ്ഗഢിലെ റായ്പുർ ജില്ലയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിജെപി രാജ്യസഭാ എംപി ലക്ഷ്മി വർമയ്ക്കും (59) ഡ്രൈവർക്കും പരുക്കേറ്റു. ബാലോദാബസാർ-റായ്പുർ റോഡിൽ ഖരോര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബംഗോളിക്ക് സമീപം വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.ബാലോദാബസാർ-ഭട്ടപാര ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം റായ്പുരിലേക്ക് മടങ്ങുന്നതിനിടെ ലക്ഷ്മി വർമ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് എംപിയുടെ മകനും സുരക്ഷാ ഉദ്യോഗസ്ഥനും കാറിലുണ്ടായിരുന്നുവെങ്കിലും ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റേ കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്.

അപകടത്തിന് പിന്നാലെ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ലക്ഷ്മി വർമയെ റായ്പുരിലെ എയിംസിലേക്ക് (AIIMS) മാറ്റിയിട്ടുണ്ട്. ഇവരുടെ വലതുകൈയ്ക്ക് ഒടിവുണ്ടായതായും നിലവിൽ ചികിത്സ തുടരുകയാണെന്നും എയിംസ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആശങ്ക രേഖപ്പെടുത്തുകയും എംപിയുടെ വേഗത്തിലുള്ള രോഗശാന്തിക്കായി പ്രാർത്ഥിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു.

Tags