വിബി ജി റാം ജി പദ്ധതിക്ക് ജൂലൈ ഒന്നു മുതൽ തുടക്കം ; കേരളത്തിനുള്ള കേന്ദ്ര വിഹിതം 3,136.44 കോടി രൂപ
ന്യൂഡൽഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന വിബി ജി റാം ജി പദ്ധതിയിൽ 2026-27 സാമ്പത്തിക വർഷത്തിൽ കേരളത്തിനുള്ള കേന്ദ്ര വിഹിതം 3,136.44 കോടി രൂപ. ചൊവ്വാഴ്ച സംസ്ഥാന ഗ്രാമവികസന മന്ത്രിമാരുമായി നടത്തിയ ഓൺലൈൻ യോഗ ശേഷം കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇടക്കാല ഫണ്ട് വിഹിതം പ്രഖ്യാപിച്ചത്.
വികസിത് ഭാരത് പദ്ധതിപ്രകാരം ഭൂരിഭാഗം സംസ്ഥാനങ്ങളും ചെലവ് 60:40 അനുപാതത്തിൽ വഹിക്കണം. അതേ ഗണത്തിലാണ് കേരളവും വരുന്നത്. അതനുസരിച്ച് പദ്ധതി നടപ്പാക്കാൻ കേരളം 2090.7 കോടി രൂപ കണ്ടെത്തണം.
സംസ്ഥാനങ്ങൾക്ക് ആകെ 95,692 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന വിഹിതം; 9,721.48 കോടി രൂപ. മറ്റ് പ്രധാന സംസ്ഥാനങ്ങൾക്കുള്ള വിഹിതം കോടിയിൽ- ആന്ധ്രപ്രദേശ് 7,707.21, തമിഴ്നാട് 7,585.49 രാജസ്ഥാൻ 7,581.87, ബിഹാർ 6,715.83, മധ്യപ്രദേശ് 6252.03, കർണാടക 5,709.09, മഹാരാഷ്ട്ര 4,420.32 തെലങ്കാന 3,825.31 എന്നിങ്ങനെ കേന്ദ്ര വിഹിതം ലഭിക്കും. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുന്ന ഈ തുകക്ക് പുറമെ, കേന്ദ്ര ഭരണനിർവഹണത്തിനും സോഷ്യൽ ഓഡിറ്റിനുമായി 1,850.62 കോടി രൂപ കൂടി നീക്കിവെച്ചിട്ടുണ്ട്. ഝാർഖണ്ഡ്, കർണാടക, തെലങ്കാന, മിസോറം സംസ്ഥാനങ്ങൾ മാത്രമാണ് പദ്ധതിയിലേക്ക് മാറാനുള്ള നടപടി പൂർത്തിയാക്കാനുള്ളത്. കേന്ദ്രവുമായി ഫണ്ട് തർക്കത്തിലായിരുന്ന പശ്ചിമ ബംഗാളിൽ സർക്കാർ മാറിയതോടെ, കേന്ദ്രത്തിന്റെ എല്ലാ നിബന്ധനകളും പാലിക്കാൻ തയാറാണെന്ന് എഴുതി അറിയിച്ചിട്ടുണ്ട്. കുടിശ്ശികകൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിച്ച ശേഷമേ തുക നൽകുന്ന കാര്യം പരിഗണിക്കൂ.
പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതുവരെ നിലവിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ നൽകുന്നതിലോ ശമ്പളം വിതരണം ചെയ്യുന്നതിലോ താമസം വരുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
.jpg)

