ഗുജറാത്തിൽ വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്
അമ്രേലി : ദീപാവലി ദിനത്തിൽ ഗുജറാത്തിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. അമ്രേലി ജില്ലയിലെ ഖിജാഡിയ, ചിറ്റൽ റെയിൽവേ സ്റ്റേഷനുകൾക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്ന സബർമതി–വേരാവൽ വന്ദേഭാരത് ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു കോച്ചിന്റെ ജനൽച്ചില്ലുകൾ പൂർണമായും തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.
ട്രെയിനിന്റെ E2 കോച്ചിലെ 9, 10 നമ്പർ സീറ്റുകൾക്ക് സമീപമുള്ള ജനലാണ് തകർന്നത്. ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്നതിനാൽ കല്ല് ശക്തമായി പതിക്കുകയും, ജനലിന്റെ അകത്തെയും പുറത്തെയും രണ്ട് ഗ്ലാസ് പാളികളും തകരുകയും ചെയ്തതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അമ്രേലി ജില്ലയിലെ ലാഠിക്ക് സമീപം, ഖിജാഡിയയിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലേറുണ്ടായ കൃത്യമായ സ്ഥലവും സമയവും കണ്ടെത്താനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ നാല് മാസത്തിനിടെ ഗുജറാത്തിൽ വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ കല്ലേറാണിത്. നേരത്തെ ഓഗസ്റ്റിലും ഒക്ടോബറിലും സൂറത്തിന് സമീപം മുംബൈ–അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിന് നേരെയും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങൾ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.
.jpg)

