ദക്ഷിണ റെയിൽവേയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് വൻ ജനപ്രീതി
ദക്ഷിണ റെയിൽവേയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് വൻ ജനപ്രീതിയെന്ന് റിപ്പോർട്ട്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഓരോ വർഷവും വലിയ വർധനവാണുണ്ടാകുന്നത്. തിരുവനന്തപുരം - മംഗലാപുരം, മംഗലാപുരം - തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനുകളാണ് ദക്ഷിണ റെയിൽവേയുടെ പോക്കറ്റ് നിറയ്ക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്.
അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം അവതരിപ്പിച്ചതാണ് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുതിപ്പിന് കാരണമായിരിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്തത് തിരുവനന്തപുരത്ത് നിന്നും മംഗലാപുരം വരെ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാർക്കാണ്.
കറന്റ് ബുക്കിംഗ് സംവിധാനം വന്ന ശേഷം ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് 20632 തിരുവനന്തപുരം - മംഗളൂരു സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസാണ്. ഇതോടെ പ്രതിമാസ ശരാശരി യാത്രക്കാരുടെ എണ്ണം 2025 ഏപ്രിൽ - ജൂൺ കാലത്തെ 5,164-ൽ നിന്നും ഓഗസ്റ്റ് - ഒക്ടോബർ കാലഘട്ടത്തിൽ 11,896 ആയി കുതിച്ചുയർന്നു. ഈ റൂട്ടിലെ പ്രതിമാസ ശരാശരി വരുമാനം 32.79 ലക്ഷം രൂപയിൽ നിന്നും 73.35 ലക്ഷം രൂപയായി വർദ്ധിച്ചു.
20631 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ കറന്റ് ബുക്കിംഗ് സംവിധാനം വരുന്നതിന് മുൻപ് (2025 ഏപ്രിൽ - ജൂൺ) പ്രതിമാസം ശരാശരി 3,335 യാത്രക്കാരാണുണ്ടായിരുന്നത്. കറന്റ് ബുക്കിംഗ് അവതരിപ്പിച്ച ശേഷം (2025 ഓഗസ്റ്റ് - ഒക്ടോബർ) ഇത് 6,954 ആയി ഉയർന്നു. പ്രതിമാസ ശരാശരി വരുമാനം 22.24 ലക്ഷം രൂപയിൽ നിന്നും 45.01 ലക്ഷം രൂപയായി വർദ്ധിക്കുകയും ചെയ്തു.
20627 ചെന്നൈ എഗ്‌മൂർ - നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. കറന്റ് ബുക്കിംഗ് സംവിധാനത്തിന് മുൻപ് പ്രതിമാസം ശരാശരി 1,501 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് അത് 2,832 ആയി ഉയർന്നു. പ്രതിമാസ ശരാശരി വരുമാനം 14.36 ലക്ഷം രൂപയിൽ നിന്നും 28.98 ലക്ഷം രൂപയായും വർധിച്ചു.
യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നും വഴിയിലുള്ള മറ്റ് സ്റ്റേഷനുകളിൽ നിന്നും ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്നതാണ് കറന്റ് ബുക്കിംഗിനെ ഹിറ്റാക്കി മാറ്റിയത്. ഇത് അവസാന നിമിഷം യാത്ര ചെയ്യുന്നവർക്ക് എളുപ്പത്തിൽ റിസർവേഷൻ ഉറപ്പാക്കാൻ സഹായിക്കുന്നു.
.jpg)

