പഴയ ലിഥിയം ബാറ്ററികളിൽ നിന്ന് ലഭിക്കുന്ന വിലപ്പെട്ട ധാതുക്കൾ ഇനി വിദേശത്തേക്ക് കയറ്റുമതി ചെയ്യില്ല
ന്യൂഡൽഹി : ലിഥിയം അയൺ ബാറ്ററികൾ പുനഃസംസ്കരിക്കുമ്പോൾ ലഭിക്കുന്ന ബ്ലാക്ക് മാസ് എന്ന വസ്തുവിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. നവംബർ 10-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് വിദേശ വ്യാപാര ഡയറക്ടറേറ്റ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ നിരോധനം പ്രാബല്യത്തിൽ തുടരും.
ഉപയോഗശൂന്യമായ ലിഥിയം ബാറ്ററികൾ പൊടിച്ചെടുക്കുമ്പോൾ ലഭിക്കുന്ന കറുത്ത പൊടിയാണ് ബ്ലാക്ക് മാസ്. ഇതിൽ ലിഥിയം, കോബാൾട്ട്, നിക്കൽ, മാംഗനീസ് തുടങ്ങിയ വിലപ്പെട്ട ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററി നിർമാണത്തിനും ഊർജസംഭരണ സംവിധാനങ്ങൾക്കും ഈ ധാതുക്കൾ പ്രധാനമാണ്.
രാജ്യത്തിനകത്ത് തന്നെ ഈ ധാതുക്കൾ വീണ്ടെടുക്കാനും പുനഃസംസ്കരണ വ്യവസായത്തെ ശക്തിപ്പെടുത്താനുമാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇലക്ട്രിക് വാഹന മേഖലയിൽ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വർധിപ്പിക്കാനും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
.jpg)

