ഉത്തരാഖണ്ഡിലെ ജയിലിൽ പതിനഞ്ച് തടവുകാർക്ക് എച്ച്‌ഐവി ബാധ


ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ജയിലിൽ പതിനഞ്ച് തടവുകാർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. 1,100 തടവുകാരാണ് ജയിലിൽ ഉള്ളത്. ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഏപ്രിൽ ഏഴാം തീയതി ജയിലിൽ തടവുകാർക്കായി പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു.
ഈ പരിശോധനയിലാണ് പതിനഞ്ച് പേർക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയതോടെ ഇവരെ പ്രത്യേക ബ്ലോക്കിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവർക്ക് കൃത്യമായി ചികിത്സയും ബോധവൽക്കരണവും നൽകുന്നതായി സീനിയർ ജയിൽ സൂപ്രണ്ട് മനോജ് കുമാർ പറഞ്ഞു. 2017 ലും ഹരിദ്വാറിലെ ജില്ലാ ജയിലിൽ സമാനമായ രീതിയിൽ തടവുകാർക്കിടയിൽ എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. അന്ന് പതിനാറ് തടവുകാർക്കായിരുന്നു രോഗം കണ്ടെത്തിയത്.
