ഉത്തർപ്രദേശിലെ എസ്ഐആർ പ്രകാരമുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് മൂന്നാം തവണയും മാറ്റിവച്ചു
ഉത്തർപ്രദേശിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) പ്രകാരമുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് മൂന്നാം തവണയും മാറ്റിവച്ചു. ഡിസംബർ 31ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന പട്ടിക ജനുവരി 6ലേക്ക് നീട്ടി. സംസ്ഥാനത്തെ മൊത്തം 15.44 കോടി വോട്ടർമാരിൽ ഏകദേശം 2.89 കോടി പേരുകൾ (18.70 ശതമാനം) ഒഴിവാക്കപ്പെട്ടതാണ് നടപടികൾ വൈകാൻ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
tRootC1469263">ഒക്ടോബർ 27 മുതൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആരംഭിച്ച എസ്ഐആർ പ്രക്രിയയിൽ ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ സമയപരിധി നീട്ടി കിട്ടിയത്. നവംബർ 30ന് ഒരാഴ്ച നീട്ടൽ നൽകി. പിന്നീട് ഡിസംബർ 11ന് രണ്ടാഴ്ച കൂടി അനുവദിച്ചു. ഇപ്പോഴത്തെ മാറ്റം മൂന്നാമത്തേതാണ്.
പോളിങ് ബൂത്തുകളുടെ റാഷണലൈസേഷൻ പ്രക്രിയയാണ് വൈകലിന്റെ പ്രധാന കാരണം. 2024ൽ ഒരു ബൂത്തിൽ 1500 വോട്ടർമാരായിരുന്നു പരമാവധി. ഇപ്പോൾ അത് 1200 ആക്കി കുറച്ചതോടെ 15,030 പുതിയ ബൂത്തുകൾ കൂടി വേണ്ടി വന്നു. ഇതോടെ മൊത്തം ബൂത്തുകളുടെ എണ്ണം 1.62 ലക്ഷത്തിൽനിന്ന് 1.77 ലക്ഷമായി ഉയർന്നു. പുതിയ ബൂത്തുകളിലേക്ക് വോട്ടർമാരെ മാറ്റുന്നതിനും പാർട്ട് നമ്പറുകൾ അലോട്ട് ചെയ്യുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നതിനും സമയം ആവശ്യമായി വന്നു. ഡിസംബർ 23ന് അംഗീകരിച്ച ഈ റാഷണലൈസേഷനാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ജനുവരി 6ലേക്ക് മാറ്റാൻ കാരണമായത്.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാനും അനർഹരായവരെ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി വലിയ തോതിൽ പേരുകൾ വെട്ടിമാറ്റപ്പെട്ടത് പരിശോധനകൾ സങ്കീർണമാക്കിയിരിക്കുകയാണ്. ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും വിലാസം മാറിയവരും മരണപ്പെട്ടവരുമാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇത്രയും വലിയൊരു ശതമാനം വോട്ടർമാർ ഒരേസമയം പുറത്തുപോയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
.jpg)


