കനത്ത മഴയിലും കൊടുങ്കാറ്റിലും ഉത്തർപ്രദേശിൽ 27 മരണം
ലഖ്നോ : ഉത്തർപ്രദേശിൽ ബുധനാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും 27 പേർ മരിച്ചതായും വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോർട്ട്. കൊടുങ്കാറ്റിൽ വൻമരങ്ങൾ കടപുഴകി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി പ്രദേശങ്ങളിൽ ഗതാഗതം തടസപ്പെടുകയും വൈദ്യുത, ആശയവിനിമയ സംവിധാനങ്ങളെ ബാധിക്കുകയും ചെയ്തു. പ്രയാഗ് രാജ്, ഭാദോഹി, ബുദൗൺ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്.
പ്രയാഗ്‌രാജിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാൻഡിയയിൽ ഏഴ് പേരും ഫുൽപൂരിൽ നാല് പേരും സൊറാവോണിൽ മൂന്ന് പേരും മേജയിൽ രണ്ട് പേരും മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഹാൻഡിയ, സൊറാവോൺ, ഫുൽപൂർ, മേജ പ്രദേശങ്ങളിൽ കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചു. ജില്ലയിൽ പൊടിക്കാറ്റിൽ നിരവധി മരങ്ങളാണ് കടപുഴകി വീണത്. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മ്യൊഹൽ ചൗരഹയെയും കത്രയെയും ബന്ധിപ്പിക്കുന്ന റോഡിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പത്തർ ഗിർജാഘർ, അശോക് നഗർ, കച്ചഹരി റോഡ്, മഹാത്മാഗാന്ധി മാർഗ് തുടങ്ങിയ പ്രദേശങ്ങളിലും ഗതാഗത തടസമുണ്ടായി. പ്രയാഗ്‌രാജിലെ പല പ്രദേശങ്ങളിലും കാറ്റിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പൊടിക്കാറ്റിൽ സംഗം പ്രദേശത്തും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. പ്രദേശത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊടുങ്കാറ്റിലൊന്നാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭാദോഹി ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും പൊടിക്കാറ്റിലും ആറ് പേർ മരിച്ചു. ഭദോഹിയിലും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സൂര്യവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാർഗസെൻപൂർ ഗ്രാമത്തിൽ കൊടുങ്കാറ്റിൽ വീടിന് മുകളിൽ മരം വീണ് സ്ത്രീയും മൂന്ന് പെൺമക്കളും ഉൾപ്പെടെ നാലുപേർ മരിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ പൊലീസിന്റെയും ഭരണസംവിധാനങ്ങളുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. കൊടുങ്കാറ്റിൽ മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലായതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കുൻവർ വീരേന്ദ്ര കുമാർ മൗര്യ പറഞ്ഞു.
ബുദൗൺ ജില്ലയിൽ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായും അഞ്ച് പേർക്ക് പരിക്കേറ്റതായും പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ബിസോളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സിദ്ധ്പൂർ കൈത്തോലി ഗ്രാമത്തിൽ കൊടുങ്കാറ്റിൽ കുടിലിന്റെ മൺഭിത്തി ഇടിഞ്ഞുവീണാണ് പെൺകുട്ടികൾ മരിച്ചത്. ബിസോളി, ഫൈസ്ഗഞ്ച് ബെഹ്ത പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊടുങ്കാറ്റിനെ തുടർന്ന് അഞ്ച് പേർ മരിച്ചതായും അഞ്ച് പേർക്ക് പരിക്കേറ്റതായും അഡീഷണൽ പൊലീസ് സൂപ്രണ്ട് (റൂറൽ) ഹൃദേഷ് കുമാർ കട്ടാരിയ പറഞ്ഞു.
.jpg)

