ഉത്തർപ്രദേശിൽ അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിൽ നിന്നും വീണ് വനിതാ ഡോക്ടർ മരിച്ചു
ലഖ്‌നൗ: അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിൽ നിന്നും വീണ് വനിതാ ഡോക്ടർ മരിച്ചു. മനോരോഗവിദഗ്ധയായ ഡോക്ടർ ഹേമിക അഗർവാൾ (40) ആണ് മരിച്ചത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ രാജ് നഗർ എക്സ്റ്റൻഷനിലുള്ള അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണാണ് ഹേമിക അഗർവാൾ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മരണവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്നാണ് ഡോക്ടർ വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ മറ്റുതാമസക്കാർ ഓടിയെത്തി. തുടർന്ന് യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും അന്വേഷണത്തിനിടെ ശേഖരിച്ച മറ്റ് തെളിവുകളും റിപ്പോർട്ടും അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഒന്നരവർഷം മുൻപാണ് ഡോ. ഹേമിക വിവാഹമോചിതയായത്. ഇതിനുശേഷം മകൾ കടുത്ത മാനസികപ്രയാസങ്ങൾ നേരിട്ടിരുന്നതായും പിതാവും മനോരോഗ ചികിത്സാവിദഗ്ധനുമായ ഡോ. ആർ. ചന്ദ്ര പറഞ്ഞു. മകൾ ചികിത്സ തേടിയതിന്റെ വിവരങ്ങൾ ഉൾപ്പടെ പൊലീസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തിവരികയാണെന്നും സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
.jpg)

