കനത്ത മഴയിൽ ഉത്തർപ്രദേശിൽ പ്രളയം ; 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം
ലഖ്‌നൗ: കനത്ത മഴയിൽ ഉത്തർപ്രദേശിൽ പ്രളയം. 173 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ജില്ലാ ഭരണ സംവിധാനങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം കിഴക്കൻ യുപിയിൽ ഓഗസ്റ്റ് 23വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ പടിഞ്ഞാറൻ യുപിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടയ്ക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നാണ് പ്രവചനം.
ഓഗസ്റ്റ് 20നും 21നും ഇടയിൽ ശക്തമായ മഴയിൽ മധ്യ - കിഴക്കൻ യുപി നഗരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാനുളള സാധ്യതയുമുണ്ട്. ജാർഖണ്ഡിലും പശ്ചിമബംഗാളിലെ ഗംഗാസമതലത്തിലും രൂപപ്പെട്ട ന്യൂനമർദം ബിഹാറിലേക്ക് നീങ്ങിയതാണ് ശക്തമായ മഴയ്ക്ക് കാരണം. മീററ്റ്, ആഗ്ര, അലിഗഡ്, സഹാറൻപൂർ, ബറയ്‌ലി, മൊറാദാബാദ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
.jpg)

