എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിൽ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവം : യു.എസ് പൗരൻ അറസ്റ്റിൽ
മുംബൈ: എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിൽ സിഗരറ്റ് വലിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യു.എസ് പൗരൻ അറസ്റ്റിൽ. രമാകാന്ത് എന്നയാളാണ് മുംബൈ സാഹർ പൊലീസിന്റെ പിടിയിലായത്. മാർച്ച് 11ന് സർവീസ് നടത്തിയ വിമാനത്തിലാണ് സംഭവം.
ഇന്ത്യൻ പീനൽകോഡിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് ഇയാൾക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിൽ പുകവലി അനുവദനീയമല്ല. പക്ഷേ റസ്റ്റ് റൂമിൽ ഇയാൾ പുകവലിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
tRootC1469263">യാത്രക്കിടെ ഇയാൾ ബാത്റൂമിൽ പോയതിന് പിന്നാലെ വിമാനത്തിലെ പുക മുന്നറിയിപ്പ് അലാറം പ്രവർത്തിക്കുകയായിരുന്നു. ഉടൻ തന്നെ വിമാന ജീവനക്കാർ റസ്റ്റ് റൂമിൽ പോയപ്പോൾ സിഗരറ്റുമായി നിൽക്കുന്ന രമാകാന്തിനെയാണ് കണ്ടത്. ജീവനക്കാർ ഇയാളുടെ കൈയിൽ നിന്നും സിഗരറ്റ് വാങ്ങി നശിപ്പിച്ചു.
തുടർന്ന് ഇയാൾ യാത്രക്കാരോട് മോശമായി പെരുമാറുകയും വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. പിന്നീട് ഇയാളുടെ കൈകൾ കെട്ടിയാണ് വീണ്ടും സീറ്റിലെത്തിച്ചതെന്നും ജീവനക്കാർ പറഞ്ഞു. രമാകാന്തിന്റെ ബാഗ് പരിശോധിച്ചുവെന്നും ഇ-സിഗരറ്റല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിമാന അധികൃതർ അറിയിച്ചു.
നേരത്തെ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ച സംഭവം വിവാദമായിരുന്നു. ഇക്കാര്യം സമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ എയർ ഇന്ത്യ വീഴ്ച വരുത്തിയതായും ആരോപണമുയർന്നിരുന്നു.
.jpg)


