രാജ്യത്ത് പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കണം ...! യു.പി.ഐ പണമിടപാടുകളിലും പാൻ കാർഡിലും കർശന നിയന്ത്രണം
ന്യൂഡൽഹി: സാധാരണക്കാരുടെ ജീവിതത്തെയും സാമ്പത്തിക ശീലങ്ങളെയും സ്വാധീനിക്കുന്ന നിരവധി സുപ്രധാന നിയമങ്ങളാണ് ജൂൺ 1 മുതൽ മാറുന്നത്. പാചകവാതക കണക്ഷൻ, യു.പി.ഐ ഇടപാടുകൾ, എ.ടി.എം നിരക്കുകൾ, പാൻ കാർഡ് നിയന്ത്രണങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
1. ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ മാത്രം
പാചകവാതക കണക്ഷനുകളുമായി ബന്ധപ്പെട്ട് ജൂൺ 1 മുതൽ കർശനമായ നിയമങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. പുതിയ നിർദേശപ്രകാരം ഒരു മേൽവിലാസത്തിൽ അല്ലെങ്കിൽ ഒരു കുടുംബത്തിന് ഒരു സജീവ ഗ്യാസ് കണക്ഷൻ മാത്രമേ അനുവദിക്കൂ. നിലവിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ഉള്ള വീടുകളിൽ ഇനി മുതൽ എൽ.പി.ജി (LPG) സിലിണ്ടറുകൾ സൂക്ഷിക്കാൻ അനുവാദമുണ്ടാകില്ല. രണ്ട് കണക്ഷനും ഉള്ളവർ എൽ.പി.ജി സിലിണ്ടർ സർണ്ടർ ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം എണ്ണക്കമ്പനികൾ നിങ്ങളുടെ എൽ.പി.ജി കണക്ഷൻ ബ്ലോക്ക് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും.
2. യു.പി.ഐ ഇടപാടുകളിൽ ഇനി വ്യാജപ്പേരുകൾ നടക്കില്ല
വ്യാജപ്പേരുകളും ക്യു.ആർ കോഡുകളും ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി യു.പിഐ പണമിടപാടുകളിൽ വലിയ മാറ്റം വരുന്നു. ജൂൺ 1 മുതൽ, പണം അയക്കുമ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്ത യഥാർത്ഥ പേര്മാത്രമേ സ്ക്രീനിൽ കാണിക്കുകയുള്ളൂ.
3. എ.ടി.എം, ബാങ്കിങ് നിയമങ്ങൾ
എ.ടി.എം വഴിയുള്ള പണമിടപാടുകൾക്കും ജൂൺ 1 മുതൽ പുതിയ നിയന്ത്രണം വരുന്നുണ്ട്. യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതും ഇനി ബാങ്കുകൾ നൽകുന്ന 'അഞ്ച് സൗജന്യ ഇടപാടുകളുടെ' പരിധിയിൽ ഉൾപ്പെടുത്തും. പരിധി കഴിഞ്ഞുള്ള യു.പി.ഐ എ.ടി.എം പിൻവലിക്കലുകൾക്ക് ബാങ്കുകൾ പ്രത്യേക നിരക്കുകൾ ഈടാക്കുന്നതാണ്.
4. പാൻ കാർഡ് നിയമങ്ങൾ കർശനമാക്കി
വലിയ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പാൻ കാർഡ് നിബന്ധനകൾ ശക്തമാക്കിയിട്ടുണ്ട്. ഒരു വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിൽ നിക്ഷേപിക്കാനും പിൻവലിക്കാനും പാൻ കാർഡ് നിർബന്ധമാണ്. 20 ലക്ഷം രൂപക്ക് മുകളിലുള്ള വസ്തു ഇടപാടുകൾക്ക് പാൻ കാർഡ് വേണം. 5 ലക്ഷം രൂപക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾ വാങ്ങാൻ (ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ) പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പാൻ കാർഡ് ഇല്ലാതെ ഇനി മുതൽ പുതിയ ഇൻഷുറൻസ് പോളിസികൾ ലഭ്യമാകില്ല.
5. ആധാർ പുതുക്കൽ നിരക്കുകൾ
ആധാർ സെന്ററുകളിൽ പോയി പേര്, വിലാസം, ജനനത്തീയതി അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനുള്ള നിരക്കുകൾ ജൂൺ 1 മുതൽ 75 രൂപ മുതൽ 125 രൂപ വരെയായി നിശ്ചയിച്ചു. എന്നാൽ, 'മൈ ആധാർ' (myAadhaar) പോർട്ടൽ വഴിയുള്ള സൗജന്യ ഓൺലൈൻ രേഖകൾ പുതുക്കൽ 2026 ജൂൺ 14 വരെ തുടരും. അതിനുശേഷം ഇതിനും നിരക്കുകൾ ഈടാക്കിയേക്കും.
6. സോളാർ പാനലുകൾക്ക് പുതിയ നിയമം
സോളാർ പാനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മാറുകയാണ്. ഗവൺമെന്റ് അംഗീകൃത ALMM-II പട്ടികയിലുള്ള സോളാർ പാനലുകൾക്ക് മാത്രമേ ഇനി അനുമതിയുണ്ടാകൂ. ചൈനീസ് പാനലുകളുടെ ഉപയോഗം കുറക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം വഴി സോളാർ സിസ്റ്റങ്ങളുടെ വിലയിൽ 3,000 രൂപ മുതൽ 9,000 രൂപ വരെ വർധനവുണ്ടായേക്കാം. എങ്കിലും 'പിഎം സൂര്യ ഘർ സൗജന്യ വൈദ്യുതി യോജന' പ്രകാരമുള്ള സബ്‌സിഡികൾ തുടരും.
7. വിമാനയാത്രാ നിരക്കുകൾ കുറയും
അവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലവർധനവ് കാരണം വരും ദിവസങ്ങളിൽ വിമാനയാത്ര ചെലവേറിയേക്കാം. എന്നാൽ വേനലവധിക്ക് ശേഷമുള്ള യാത്രക്കാരുടെ കുറവ് പരിഹരിക്കാൻ ഇൻഡിഗോ, എയർ ഇന്ത്യ എന്നീ കമ്പനികൾ ആഭ്യന്തര വിമാന നിരക്കുകളിൽ ജൂൺ 1 മുതൽ അടുത്ത 90 ദിവസത്തേക്ക് 15% മുതൽ 22% വരെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 1ന് ശേഷം യാത്ര പ്ലാൻ ചെയ്യുന്നവർ ബുക്കിങ്ങുകൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
.jpg)

