യുപിയിൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം യുവതി മരിച്ച സംഭവം ; സ്‌പോഞ്ച് മറന്നുവെച്ചത് മൂലം ആന്തരിക അവയവങ്ങളിൽ അണുബാധയെന്ന് റിപ്പോർട്ട്

'Doctor's' surgery to remove gallstones on YouTube; A tragic end for the 15-year-old
'Doctor's' surgery to remove gallstones on YouTube; A tragic end for the 15-year-old

പിലിഭിത്ത്: ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം യുവതി മരണപ്പെട്ട സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിലിഭിത്തിലെ ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസറും സീനിയർ ഗൈനക്കോളജിസ്റ്റും ഉൾപ്പെടെ നാല് പേരെയാണ് 32കാരിയുടെ മരണത്തിൽ പ്രതിചേർത്തത്. ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ സ്‌പോഞ്ച് യുവതിയുടെ ശരീരത്തിൽ വെച്ചുമറന്നത് അണുബാധയ്ക്ക് കാരണമായെന്നും അത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഗജ്‌റൗല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗൗടിയ ഗ്രാമവാസിയായ യുവതിയാണ് കഴിഞ്ഞ വർഷം ഡിസംബർ 5ന് മരിച്ചത്. ഇവരുടെ സിടി സ്‌കാൻ റിപ്പോർട്ടിൽ ശരീരത്തിനുള്ളിൽ വെച്ചുമറന്ന സർജിക്കൽ സ്‌പോഞ്ചും അത് കാരണമായി ആന്തരിക അവയവങ്ങളിലുണ്ടായ പഴുപ്പും വീക്കവും ഉൾപ്പെടെ വ്യക്തമായിരുന്നു. മരണശേഷം പിലിഭിത്ത് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ സിങ് രണ്ടംഗ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അലോക് കുമാർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അഷുതോഷ് ഗുപ്ത എന്നിവരായിരുന്നു കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. ഡോക്ടർമാർക്ക് ഗുരുതര വീഴ്ചയുണ്ടായതിന് പുറമെ വസ്തുതകൾ മറിച്ചുവെയ്ക്കുകയും തെറ്റായ രോഗനിർണയം നടത്തുകയും മാനദണ്ഡങ്ങൾ പാലിക്കാതെ ശസ്ത്രക്രിയ നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ വൈകിയതിന് പിന്നാലെ യുവതിയുടെ ഭർത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ആരോപണ വിധേയരായ ഡോക്ടർമാർ തന്നെ ഭീഷണിപ്പെടുത്തിയതായും വിഷയം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ തന്റെ മകനെ കൊല്ലുമെന്ന് പറഞ്ഞതായും ഇയാൾ ആരോപിച്ചു. പിന്നാലെ പൊലീസ് നാല് ഡോക്ടർമാക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബിഎൻഎസ് 105, 238, 351 (3), 127 (2) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു.

Tags