കർണാടകയിലെ പെട്രോളിൽ 31% വരെ എഥനോൾ: സർക്കാരിന്റെ വാദം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ

Up to 31% ethanol in Karnataka's petrol: Public sector oil companies reject government's claim

ബംഗളൂരു: സംസ്ഥാനത്തെ ചില പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ അനുവദനീയമായ പരിധിക്കപ്പുറം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കർണാടക സർക്കാരിന്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ അവകാശവാദമെന്ന് കമ്പനികൾ വ്യക്തമാക്കി.

പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിനും മുകളിൽ (ചിലയിടങ്ങളിൽ 31.2% വരെ) എഥനോൾ ചേർക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി കർണാടക ഇന്ധന-സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദ് ആരോപിച്ചിരുന്നു. ബംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബംഗളൂരു റൂറൽ, രാമനഗര, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ എണ്ണക്കമ്പനികൾക്കെതിരെ നടപടി വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

എന്നാൽ ഈ പരിശോധനകൾ നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പാലിച്ചല്ല നടത്തിയതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന E20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (BIS) കൃത്യമായ മാനദണ്ഡങ്ങൾ (IS 17021) പാലിച്ചുള്ളതാണെന്നും കമ്പനികൾ വ്യക്തമാക്കി. സാമ്പിളുകൾ ശേഖരിച്ച രീതിയിലും പരിശോധനാ മാർഗങ്ങളിലും സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കമ്പനികൾ, 2005-ലെ മോട്ടോർ സ്പിരിറ്റ്-ഡീസൽ ഉത്തരവും 2024-ലെ മാർക്കറ്റിംഗ് ഡിസിപ്ലിൻ ഗൈഡ്‌ലൈൻസും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ഇവിടെ പാലിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Tags