'യുപി പൊലീസിനെ പിരിച്ചുവിട്ട് എല്ലാകേസും സിബിഐയെ ഏല്‍പ്പിക്കേണ്ടിവരും'; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
യു.പി. പൊലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏല്‍പ്പിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശിലെ എല്ലാ കേസ് അന്വേഷണങ്ങളും ഏറ്റെടുക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെടേണ്ടിവരുമെന്ന് സുപ്രീംകോടതി. ഒരു ക്രിമിനല്‍ കേസ് അന്വേഷണത്തിലെ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് സഞ്ജീവ് സച്‌ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തര്‍പ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. യു.പി. പൊലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏല്‍പ്പിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു.
എല്ലാകാര്യങ്ങളിലും നിങ്ങള്‍ക്ക് ഒരു അജണ്ടയുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ജനങ്ങള്‍ നിങ്ങളെ എങ്ങനെ വിശ്വസിക്കും. യുപി പൊലീസിന്റെ എല്ലാ അന്വേഷണങ്ങളും സിബിഐ നടത്തുന്നതാണ് നല്ലത്. യുപി പൊലീസിനെ പിരിച്ചുവിടുന്നതാകും ഉചിതം. ഈ അസംബന്ധം എവിടെവെച്ചെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്- സുപ്രീംകോടതി പറഞ്ഞു.
യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരന്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസിനെ ഏല്‍പ്പിച്ചിട്ടും എഫ്‌ഐആറില്‍ അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തിയതാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.
.jpg)

