യു പിയിൽ പ്രാദേശിക പത്രപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

dead
dead

 

ലക്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ പ്രാദേശിക പത്രപ്രവർത്തകൻ വെടിയേറ്റ് മരിച്ചു. വിവരാവകാശ പ്രവർത്തകനും പത്രപ്രവർത്തകനുമായ രാഘവേന്ദ്ര ബാജ്‌പേയ്(35) ആണ് കൊല്ലപ്പെട്ടത്. സീതാപൂർ-ഡൽഹി ദേശീയപാതയിൽ ഇന്നലെയായിരുന്നു സംഭവം.

രാഘവേന്ദ്ര ബാജ്‌പേയ് വീട്ടിലേക്ക് പോകുന്നതിനിടെ ദേശീയപാതയിൽ വെച്ച് അജ്ഞാതരാണ് വെടിവെപ്പ് നടത്തിയത്. ഇമാലിയ സുൽത്താൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെംപൂർ റെയിൽവേ ക്രോസിനടുത്തുള്ള ഓവർബ്രിഡ്ജിലാണ് ആക്രമണം ഉണ്ടായത്.

മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ രാഘവേന്ദ്ര ബാജ്‌പേയിക്ക് (35) നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. “മൂന്ന് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ തോളിലും നെഞ്ചിലുമായി തുളച്ചുകയറി. തുടർന്ന് അക്രമികൾ അവരുടെ മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയായിരുന്നു,” സീതാപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രവീൺ രഞ്ജൻ സിംഗ് പറഞ്ഞു.

നാട്ടുകാരുടെ സഹായത്തോടെ പോലീസ് ബാജ്‌പേയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബാജ്‌പേയ്ക്ക് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

Tags