മരിച്ചുപോയ ഭര്‍ത്താവിന്റെ സുഹൃത്തെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ച അജ്ഞാതന്‍ 1.30 ലക്ഷം രൂപ തട്ടിയെടുത്തു ; പരാതിയുമായി യുവതി


2022ലാണ് യുവതിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്.
മരിച്ചുപോയ ഭര്‍ത്താവിന്റെ സുഹൃത്തെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ച അജ്ഞാതന്‍ 1.30 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. ഡല്‍ഹി ദ്വാരകയിലെ മലിക്പൂരില്‍ താമസിക്കുന്ന 39കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ദ്വാരക സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2022ലാണ് യുവതിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ച യുവതി പിന്നീട് അതില്‍ നിന്ന് കരകയറാനും മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങിയത്. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി വിനയ് എന്ന് പരിചയപ്പെടുത്തിയ ഒരാളുമായി സംസാരിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ കരസേനയില്‍ ജോലി ചെയ്യുകയാണെന്നും യുവതിയുടെ മരണപ്പെട്ട ഭര്‍ത്താവിന്റെ സുഹൃത്താണെന്നുമാണ് ഇയാള്‍ പറഞ്ഞുവിശ്വസിപ്പിച്ചത്.

ഇരുവരും തമ്മില്‍ പതിവായി ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. പിന്നീട് ഫോണ്‍ നമ്പറുകള്‍ കൈമാറി. ചാറ്റിങ് വാട്‌സ്ആപിലേക്ക് മാറ്റി. ഇതിനിടെ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയ അജ്ഞാതന്‍ പല കാരണങ്ങള്‍ പറഞ്ഞ് യുവതിയില്‍ നിന്ന് പണം ചോദിക്കാന്‍ തുടങ്ങി. അമ്മയുടെ രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും പറഞ്ഞാണ് പണം ചോദിച്ചിരുന്നത്. താന്‍ ആകെ 1.30 ലക്ഷം രൂപ ഇയാള്‍ക്ക് ഒരു മൊബൈല്‍ വാലറ്റ് വഴി കൈമാറിയതായി പരാതിയില്‍ പറയുന്നു. പല ഇടപാടുകളായിട്ടായിരുന്നു ഈ തുക നല്‍കിയത്.
എന്നാല്‍ പണം കിട്ടി കഴിഞ്ഞപ്പോള്‍ ഇയാളുടെ സ്വഭാവം മാറുകയും കൂടുതല്‍ പണം ചോദിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തതായി യുവതി പറയുന്നു. ഇതോടെ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇയാളെ ബ്ലോക്ക് ചെയ്തു. തുടര്‍ന്നാണ് യുവതി നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ ദ്വാരക സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തത്.