യൂണിയൻ ബാങ്കിൽ 1865 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വിവിധ ശാഖകളിലായി അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ പരിശീലനമാണ്. ആകെ 1865 ഒഴിവാണുള്ളത്. കേരളത്തിൽ മാത്രം 39 ഒഴിവുണ്ട്. ലക്ഷദ്വീപിൽ ഒരു ഒഴിവും. അംഗീകൃത സർവ്വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം: 01.04.2026-ന് 20 – 28 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.unionbankofindia.co.in വഴിയോ അല്ലെങ്കിൽ BFSI സെക്ടർ സ്കിൽ കൗൺസിൽ പോർട്ടൽ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. ഒബ്ജക്ടീവ് രീതിയിലുള്ള ഓൺലൈൻ പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ജനറൽ/ഫിനാൻഷ്യൽ അവയർനെസ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് & റീസണിങ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നിവയിലായിരിക്കും പരീക്ഷ. സ്വന്തം സ്മാർട്ട്ഫോണോ ലാപ്‌ടോപ്പോ ഉപയോഗിച്ച് നിശ്ചിത സമയത്ത് പരീക്ഷ എഴുതാൻ സാധിക്കും. പരിശീലന കാലയളവിൽ പ്രതിമാസം ഗ്രാമപ്രദേശങ്ങളിൽ 15,000 രൂപയും നഗരങ്ങളിൽ 18,000 രൂപയും മെട്രോ നഗരങ്ങളിൽ 20,000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും. ജനറൽ/ഒബിസി വിഭാഗത്തിലെ പുരുഷന്മാർക്ക് 944 രൂപയും സ്ത്രീകൾക്ക് 708 രൂപയുമാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗക്കാർക്ക് (SC/ST/PWBD) 236 രൂപ മതിയാകും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 19.
.jpg)

