വീഡിയോ കോളിലൂടെ നീറ്റ് ചോദ്യപേപ്പര്‍ കാണിച്ച് 30000 രൂപ ആവശ്യപ്പെട്ട് അജ്ഞാതന്‍;പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്
വീഡിയോ കോളിലൂടെ ചോദ്യപേപ്പര്‍ കാണിച്ച് 30,000 രൂപ ആവശ്യപ്പെട്ടു. സംഭവത്തില്‍ എബിവിപി പൊലീസില്‍ പരാതി നല്‍കി.
നീറ്റ് ചോദ്യപേപ്പര്‍ നല്‍കാമെന്ന് പറഞ്ഞ് അജ്ഞാതന്റെ വീഡിയോ കോള്‍. അജ്മീറില്‍ നിന്നുള്ള നീറ്റ് വിദ്യാര്‍ത്ഥിക്കാണ് കഴിഞ്ഞ ദിവസം അജ്ഞാതന്റെ വീഡിയോ കോള്‍ എത്തിയത്. വീഡിയോ കോളിലൂടെ ചോദ്യപേപ്പര്‍ കാണിച്ച് 30,000 രൂപ ആവശ്യപ്പെട്ടു. സംഭവത്തില്‍ എബിവിപി പൊലീസില്‍ പരാതി നല്‍കി.
ഡിഎവി കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റും എബിവിപി അംഗവുമായ കൃഷ്ണ സിംഗ് താക്കൂറാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അജ്മീര്‍ പൊലീസ് അന്വേഷണം തുടങ്ങി. പരീക്ഷാ തട്ടിപ്പിനുള്ള ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
തന്റെ പക്കല്‍ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുണ്ടെന്നും പരീക്ഷയ്ക്ക് മുന്‍പ് ഇത് നല്‍കാമെന്നുമായിരുന്നു വിളിച്ചയാളുടെ അവകാശവാദം. വിദ്യാര്‍ത്ഥി ഇതിന് തെളിവ് ചോദിച്ചപ്പോള്‍ ഇയാള്‍ ഉടന്‍ തന്നെ വീഡിയോ കോള്‍ ചെയ്യുകയും ചോദ്യപേപ്പര്‍ എന്ന് തോന്നിപ്പിക്കുന്ന രേഖകള്‍ കാമറയിലൂടെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതേ നമ്പറില്‍ നിന്ന് കൃഷ്ണ സിങ് താക്കൂറിനും കോളെത്തി. പണം കൈമാറുന്നതിനായി ഓണ്‍ലൈന്‍ പേയ്‌മെന്റ് നമ്പറും അജ്ഞാതന്‍ പങ്കുവെച്ചു. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
പരാതി ലഭിച്ചതായും അന്വേഷിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചതായും അഡീഷണല്‍ എസ്പി ഹിമാന്‍ഷു ജാഗിദ് പറഞ്ഞു.
.jpg)

