അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഭീഷണി ; സൽമാൻ ഖാന് കനത്ത സുരക്ഷ

മുംബൈ: ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കി. ഈയിടെ ‘എ.ബി.പി ന്യൂസി’ന് നൽകിയ അഭിമുഖത്തിലാണ് സൽമാൻ ഖാനെതിരെ ലോറൻസ് വീണ്ടും ഭീഷണി മുഴക്കിയത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിൽ താനുൾപ്പെട്ട ബിഷ്ണോയി സമുദായം സൽമാനെതിരെ ക്ഷുഭിതരാണെന്നും തങ്ങളുടെ ക്ഷേത്രങ്ങളും സന്ദർശിച്ച് സൽമാൻ മാപ്പുപറയണമെന്നും ഇല്ലെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ലോറൻസ് ഭീഷണിമുഴക്കിയത്.
ബിഷ്ണോയി സമുദായം ആദരിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. വെറുതെ വിടാൻ സൽമാൻ പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും പണമല്ല വേണ്ടതെന്നും ലോറൻസ് അഭിമുഖത്തിൽ പറഞ്ഞു. പഞ്ചാബി പോപ് ഗായകൻ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ലോറൻസ് ബിഷ്ണോയി. ജനശ്രദ്ധ നേടാനല്ല സൽമാനെ താക്കീത് ചെയ്യുന്നതെന്നും അതിനായിരുന്നെങ്കിൽ ജുഹുവിൽ ചെന്ന് ഏതെങ്കിലും ബോളിവുഡ് പ്രമുഖനെ കൊല്ലാൻ തങ്ങൾക്ക് കഴിയുമായിരുന്നുവെന്നും ലോറൻസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.