റെഡിമെയ്ഡ് ദോശ കഴിച്ച രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം; മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

d

വീടിന് സമീപത്തെ കടയില്‍ നിന്നും വാങ്ങിയ റെഡ്മെയ്ഡ് മാവുകൊണ്ടാണ് ദോശയുണ്ടാക്കിയത്. ഏപ്രില്‍ 1നാണ് വിമല്‍ ദോശമാവ് വാങ്ങിയത്.

അഹമ്മദാബാദ്: റെഡിമെയ്ഡ് മാവുകൊണ്ട് ദോശയുണ്ടാക്കികഴിച്ച രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍.മൂന്ന് മാസം പ്രായമുള്ള റാഹ, നാല് വയസുള്ള മിശ്രി എന്നിവരാണ് മരിച്ചത്.

ഇവരുടെ മാതാപിതാക്കള്‍ വിമല്‍ പ്രജാപതി, ഭാവന പ്രജാപതിയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ. വീടിന് സമീപത്തെ കടയില്‍ നിന്നും വാങ്ങിയ റെഡ്മെയ്ഡ് മാവുകൊണ്ടാണ് ദോശയുണ്ടാക്കിയത്. ഏപ്രില്‍ 1നാണ് വിമല്‍ ദോശമാവ് വാങ്ങിയത്. അന്ന് തന്നെ വിമല്‍ ദോശയുണ്ടാക്കി കഴിച്ചു.

പിറ്റേന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട വിമല്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വിമലിന് അസ്വസ്ഥതയ്ക്ക് കാരണമായത് ദോശമാവാണെന്ന് തിരിച്ചറിയാതെ ഭാവന ഇതേ മാവുകൊണ്ട് ദോശയുണ്ടാക്കി കഴിക്കുകയും കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു.

പിന്നാലെ കുട്ടികളും ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് എല്ലാവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് കുട്ടികളുടെ നില പെട്ടെന്ന് വഷളായത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മരിച്ചു.

ഏപ്രില്‍ 4 ന് മൂന്ന് മാസം പ്രായമുള്ള മകളാണ് ആദ്യം മരിച്ചത് ആ സമയത്ത് കുടുംബം പൊലീസിനെ അറിയിച്ചിരുന്നില്ല. അന്ത്യകർമങ്ങള്‍ നടത്തി. ഏപ്രില്‍ 5 ന് നാല് വയസ്സുള്ള മകള്‍ രാവിലെ കുഴഞ്ഞുവീണു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. അതേസമയം, സാധാരണയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കട്ടിയുള്ള ആഹാരം നല്‍കാറില്ല. അതിനാല്‍ മരണം സംഭവിച്ച്‌ സംശയങ്ങളും ഉയരുന്നുണ്ട്.

 

Tags