തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കാണാൻ ലണ്ടനിലെ ഹോട്ടൽ പരിസരത്തോ അദ്ദേഹം സഞ്ചരിക്കുന്ന വഴികളിലോ ഒത്തുകൂടരുതെന്ന് തമിഴ് പ്രവാസികളോട് ടി വി കെ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ കാണാനായി ലണ്ടനിലെ ഹോട്ടൽ പരിസരത്തോ അദ്ദേഹം സഞ്ചരിക്കുന്ന വഴികളിലോ ഒത്തുകൂടരുതെന്ന് തമിഴ് പ്രവാസികളോട് തമിഴക വെട്രി കഴകം (ടിവികെ). പൊതുസുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്‍റെ നിർദേശങ്ങൾ പാലിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ അഭ്യർഥന. മുഖ്യമന്ത്രിയുമായി നടത്താനിരുന്ന വ്യക്തിഗത കൂടിക്കാഴ്ചകളും നേരിൽ കാണുന്നതിനുള്ള പരിപാടികളും റദ്ദാക്കിയതായി ടിവികെ അറിയിച്ചു.
“ലണ്ടനിലെ തമിഴ് സമൂഹം തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ പൊതുസുരക്ഷ കണക്കിലെടുത്തും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്‍റെ മാർഗനിർദേശങ്ങൾ പാലിച്ചും മുഖ്യമന്ത്രിക്ക് നിങ്ങളെ കാണാൻ കഴിയില്ല. അതിനാൽ അദ്ദേഹത്തെ കാണാൻ ശ്രമിക്കരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു”- ടിവികെ ഐടി വിഭാഗം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
മുഖ്യമന്ത്രി താമസിക്കുന്ന ഹോട്ടലിന് പുറത്ത് ഒത്തുകൂടുകയോ അദ്ദേഹം സഞ്ചരിക്കുന്ന വഴികളിൽ കാത്തുനിൽക്കുകയോ ചെയ്യരുതെന്നും പാർട്ടി അഭ്യർഥിച്ചു. ചൊവ്വാഴ്ച ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദ ഷാർഡിന് പുറത്ത് നൂറുകണക്കിന് ആരാധകർ ഒത്തുകൂടിയിരുന്നു. എന്നാൽ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയെ കാണാനുള്ള പരിപാടി റദ്ദാക്കിയതോടെ ആരാധകർ നിരാശരായി. തമിഴ്നാട്ടിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി പ്രതിനിധി സംഘവുമായാണ് മുഖ്യമന്ത്രി വിജയ് യുകെയിൽ എത്തിയത്. സന്ദർശനത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന ധാരണാപത്രങ്ങളിൽ പ്രതിനിധി സംഘം ഒപ്പുവച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
.jpg)

