ട്രംപ് സ്വേച്ഛാധിപതിയാണ്, അമേരിക്കൻ താൽപ്പര്യങ്ങൾക്കായി മോദി ഇന്ത്യയെ പണയം വെച്ചു : മല്ലികാർജുൻ ഖാർഗെ

Kharge

 കലബുറഗി : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്വേച്ഛാധിപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അടിമ ആണെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടകയിലെ ചിറ്റാപൂരിൽ 1,069 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്സ്റ്റീൻ ഫയലുകൾ ഉപയോഗിച്ച് ട്രംപ് മോദിയെ നിയന്ത്രിക്കുന്നു എന്നും ഖാർഗെ ആരോപിച്ചു.

tRootC1469263">

'ഇറാനും ഒരു രാജ്യമാണ്, അവിടുത്തെ പരമോന്നത നേതാവ് കൊല്ലപ്പെട്ടു. ഒരു രാജ്യത്തിന്റെ നേതാവ് കൊല്ലപ്പെട്ടാൽ ആ രാജ്യവും ലോകവും സുരക്ഷിതമാകുമോ? ഒന്ന് ആലോചിച്ചു നോക്കൂ. അത് ഇറാന്റെ ആയത്തുല്ല അലി ഖാംനഈ ആയാലും വെനിസ്വേലയുടെ നേതാവ് (നിക്കോളാസ് മഡുറോ മൊറോസ്) ആയാലും. രാജ്യങ്ങളുടെ നേതാക്കളെ ഇങ്ങനെ ഭീഷണിപ്പെടുത്തിയാൽ ലോകത്ത് സമാധാനം ഉണ്ടാകില്ല' -ഖാർഗെ പറഞ്ഞു.

അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യ അംഗീകരിക്കാൻ നിർബന്ധിതരായതാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് തീരുവ ചുമത്താൻ കഴിയാത്ത സാഹചര്യത്തിൽ, അമേരിക്കക്കാർ ഇന്ത്യ അവർക്ക് കയറ്റുമതി ചെയ്യുന്നവക്ക് തീരുവ ചുമത്തുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

ട്രംപിനെ പോലുള്ള ആളുകളുമായി സൗഹൃദം പുലർത്തിക്കൊണ്ട്, മോദി രാജ്യത്തെ നശിപ്പിക്കുകയാണെന്നും അടിമത്തത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ താൽപ്പര്യങ്ങൾക്കായി മോദി ഇന്ത്യയെ പണയം വെച്ചിരിക്കുന്നതായും അമേരിക്ക പറയുന്നതുപോലെ പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags