ഇന്ത്യ-പാകിസ്താൻ ചർച്ചയ്ക്ക് ട്രംപ് ഇടനിലവഹിക്കണം; ഷഹബാസ് ഷെരീഫ്

Trump should mediate in India-Pakistan talks: Shahbaz Sharif
Trump should mediate in India-Pakistan talks: Shahbaz Sharif

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്ക്  ട്രംപ് ഇടനില വഹിക്കണമെന്ന് അഭ്യർഥിച്ച് പാകിസ്താൻ. ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അഭ്യർഥന. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ട്രംപ് നടത്തിയ ഇടപെടലിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അതേസമയം, സംഘർഷം ലഘൂകരിക്കുന്നതിൽ അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന വാദം ഇന്ത്യ നേരത്തെതന്നെ തള്ളിക്കളഞ്ഞിരുന്നു.

tRootC1469263">

വാഷിങ്ടണിൽവെച്ച് പിപിപി (പാകിസ്താൻ പീപ്പിൾസ് പാർട്ടി) അധ്യക്ഷനും പാക് മുൻ വിദേശകാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞ വാക്കുകൾ ആവർത്തിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്രംപിനോടുള്ള അഭ്യർഥന. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമഗ്രമായ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനിലെ ഭീകരത്താവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ നിർത്തിവെച്ചത് യുഎസിന്റെ ഇടപെടലിലാണെന്നായിരുന്നു ഭൂട്ടോ വാഷിങ്ടണിൽ പറഞ്ഞത്. ട്രംപും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ ഉൾപ്പെട്ട സംഘവും ഇടപെട്ടതിനാലാണ് ഇന്ത്യയും പാകിസ്താനുംതമ്മിൽ വെടിനിർത്തലുണ്ടായതെന്നും ഇത് സ്വാഗതാർഹമാണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞിരുന്നു. എന്നാൽ, പാകിസ്താന്‍റെ ഈ വാദം ഇന്ത്യ പലവട്ടം തള്ളിയിരുന്നു.

പഹൽഗാമിൽ 26-പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളാവുകയും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്നപേരിൽ സൈനിക നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു. നിരവധി ഭീകരരേയും ഭീകരവാദികേന്ദ്രങ്ങളേയും ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇല്ലാതാക്കി. തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷം ഇല്ലാതാക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തി. എന്നാൽ, ഇന്ത്യ ഇത് തള്ളിക്കളഞ്ഞിരുന്നു.

Tags