ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ത്രിപുരയും

manic saha

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മണിക് സാഹ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ത്രിപുരയും. മുഖ്യമന്ത്രി മണിക് സാഹയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കേന്ദ്രം നിര്‍ദേശം നല്‍കിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ തയ്യാറാണെന്നാണ് മണിക് സാഹ പറഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മണിക് സാഹ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് മാധ്യമങ്ങളില്‍ വായിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാല്‍ സംസ്ഥാനം ഉറപ്പായും യുസിസി നടപ്പാക്കും. സംസ്ഥാനത്തെ ഗോത്ര മേഖലകളില്‍ ഇത് നടപ്പാക്കണമെന്നില്ലെന്നും മണിക് സാഹ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മണിക് സാഹ ഇക്കാര്യം പറഞ്ഞത്. ബിഹാറില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി നേരത്തേ ജെഡിയു രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പറഞ്ഞത്.

ഞായറാഴ്ചയായിരുന്നു ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട അമിത് ഷായുടെ പ്രഖ്യാപനം വരുന്നത്. എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ 2029ന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Tags