തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക് തുടരുന്നു ..! രാജ്യസഭാംഗത്വം രാജിവെച്ച് പ്രകാശ് ചിക് ബരാക്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഉണ്ടായ കനത്ത തോൽവിക്ക് പിന്നാലെ തൃണമുൽ കോൺഗ്രസിൽ കൂട്ടരാജി തുടരുകയാണ്. മുതിർന്ന തൃണമൂൽ നേതാവ് പ്രകാശ് ചിക് ബരാകാണ് രാജ്യസഭാംഗത്വം രാജിവച്ചത്. ഈ ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് വിട്ട് പാർലമെന്റംഗത്വം രാജിവെക്കുന്ന മൂന്നാമത്തെ എംപിയാണ് പ്രകാശ് ചിക് ബരാക്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമതാ ബാനർജിയുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ രൂക്ഷമായ കലാപമാണ് അരങ്ങേറുന്നത്. 58 എംഎൽഎമാരാണ് ആദ്യം കലാപക്കൊടി ഉയർത്തിയത്. തൊട്ടുപിന്നാലെ 20 എംപിമാർ യോഗം ചേർന്ന് ബി.ജെ.പിയിലേക്ക് ചേക്കാറാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് രാജ്യസഭാംഗങ്ങളും പാർട്ടിയെ വെല്ലുവിളിച്ച് രാജി പരമ്പരക്ക് തുടക്കം കുറിച്ചത്.
2021-ൽ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന പ്രമുഖ വനിതാ നേതാവ് സുഷ്മിത ദേവ് പാർട്ടിയിൽ നിന്നും രാജിവെച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇപ്പോൾ പ്രകാശ് ചിക് ബരാകും തന്റെ രാജ്യസഭാംഗത്വം ഒഴിഞ്ഞത്. ഈ ആഴ്ചയുടെ തുടക്കത്തിൽ മുതിർന്ന നേതാവായ സുഖേന്ദു ശേഖർ റോയ് പാർട്ടി പദവികളും എംപി സ്ഥാനവും രാജിവെച്ച് പുറത്തുപോയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്നാമത്തെ എംപിയും പാർട്ടി വിട്ടിരിക്കുന്നത്.
.jpg)

