കുറ്റാലം കൊട്ടാരത്തിന് മേൽ തിരുവിതാംകൂർ മുൻ രാജകുടുംബത്തിന് അവകാശമില്ല : മദ്രാസ് ഹൈക്കോടതി

madras highcourt
madras highcourt

മധുര :തമിഴ്‌ നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേൽ തിരുവിതാംകൂർ മുൻ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തിൽ അവകാശവാദം ഉന്നയിച്ച് മുൻ രാജകുടുംബം നൽകിയ ഹരജിയാണ് മധുര ബെഞ്ച് തള്ളിയത്. കുറ്റാലം കൊട്ടാരം കേരള സർക്കാരിന്റേതാണ് എന്ന തിരുനെൽവേലി റവന്യു ഡിവിഷണൽ ഓഫീസറുടെ ഉത്തരവിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിലാണ് വിധി.

tRootC1469263">

തിരുനെൽവേലി ജില്ലയിൽ തെങ്കാശി താലൂക്കിലാണ് കുറ്റാലം കൊട്ടാരം. 1882ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാളാണ് കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയിൽ കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. ശ്രീമൂലം തിരുനാൾ മഹാരാജാവായിരിക്കെ കുറ്റാലം കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കി. 56.57 ഏക്കർ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതാണ് കൊട്ടാരസമുച്ചയം.

കുറ്റാലം കൊട്ടാരം ദളവാ കൊട്ടാരം, അമ്മച്ചി കൊട്ടാരം എന്നിങ്ങനെ ചെറുതും വലുതുമായ 11 കെട്ടിടങ്ങളിലായി 34 മുറികളാണ് ഇവിടെ ഉള്ളത്. കേരള രൂപീകരണത്തോടെ 1957ൽ ഇതി​ന്റെ ഉടമസ്ഥാവകാശം കേരള സർക്കാരിനായി. നിലവിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പി​ന്റെ അധീനതയിലാണ് ഈ കൊട്ടാരവും മറ്റും ഉൾപ്പെടുന്ന സമുച്ചയമുള്ളത്. കുറച്ചുകാലം മുമ്പ് രണ്ട് കോടിയിലേറെ രൂപ മുടക്കി സംസ്ഥാന സർക്കാർ ഈ കെട്ടിടങ്ങളെല്ലാം നവീകരിച്ചിരുന്നു.

കുറ്റാലം കൊട്ടാരത്തി​ന്റെ പട്ടയം തമിഴ്നാട് സർക്കാർ കേരള സംസ്ഥാനത്തി​ന്റെ പേരിലാക്കിയത് റദ്ദ് ചെയ്യണമെന്നായിരുന്നു ഹരജിയിൽ പറയുന്നത്. ഇത് നേരത്തെ, തിരുനെൽവേലി റവന്യു ഡിവിഷണൽ ഓഫീസർ തള്ളിക്കളഞ്ഞിരുന്നു. ആർ.ഡി.ഒ യുടെ ഈ ഉത്തരവിനെതിരായാണ് തിരുവിതാംകൂർ രാജകുടുംബം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട് കേരള സർക്കാരിന് അനുകൂലമായ വിധിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽനിന്ന് ലഭിച്ചത്. രാജഭരണം മാറി ജനാധിപത്യ ഭരണം വരുമ്പോൾ തയ്യാറാക്കിയ ഉടമ്പടികളിലൊന്നും കൊട്ടാരത്തെ കുറിച്ച് പരാമർശിക്കുന്നില്ലെന്നും രാജകുടുംബത്തി​ന്റ വിൽപ്പത്രത്തിൽ ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജകുടുംബങ്ങൾ തമ്മിലുള്ള സ്വത്തു കൈമാറ്റ രേഖകളിലും കുറ്റാലം കൊട്ടാരത്തെ കുറിച്ച് പറയുന്നില്ലെന്നും കോടതി കണ്ടെത്തി. മധുര ബെഞ്ചി​ന്റെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ തിരുവിതാംകൂർ മുൻ രാജകുടുംബം അപ്പീൽ നൽകുമെന്നാണ് സൂചന.

Tags