'ശബരിമലയിൽ ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് പ്രവേശനം വേണം'; ഹര്‍ജി പരിഗണിക്കാതെ മദ്രാസ് ഹൈക്കോടതി

Investigation against daily wage earners in Sabarimala; Devaswom Vigilance identifies five people who earned money illegally

ചെന്നൈ: ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. ട്രാന്‍സ്‌ജെന്‍ഡറായ ഒരു ഭക്ത നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചത്. പരാതി നല്‍കിയ വ്യക്തിയെ വ്യക്തപരമായി ബാധിക്കുന്ന ഒരു പ്രശ്‌നത്തെ പൊതുതാത്പര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ നിയമപരമായി ഹര്‍ജി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, ജി അരുള്‍ മുരുകന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

കൂടാതെ കേരള ഹൈക്കോടതിയില്‍ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി നല്‍കിയ സമാനമായ ഹര്‍ജി പരിഗണനയിലാണെന്നും കോടതി പറഞ്ഞു. ശബരിമല ക്ഷേത്രം കേരളത്തിലായതിനാല്‍ ഹര്‍ജിക്കാരി കേരള ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു.

'ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹൈക്കോടതിക്ക് മാത്രമേ വിഷയത്തില്‍ ഇടപെടാനാകു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അവകാശമുള്ളവര്‍(ക്ഷേത്ര ഭരണസമിതി, സര്‍ക്കാര്‍ അടക്കം) കേരളത്തില്‍ നിന്നുള്ളവരാണ്. ഇതിനോടകം സമാന ആവശ്യവുമായി മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണനയിലാണ്'- കോടതി പറഞ്ഞു.

പിന്നാലെ ഹര്‍ജി പിന്‍വലിക്കാനുള്ള അനുമതിയും കേരള ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമപരമായ അനുമതിയും നല്‍കണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
 

Tags