ട്രെയിനിലെ അപ്രതീക്ഷിതമായ അഗ്‌നിബാധകളും സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു ; എഐ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

train

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ട് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ട്രെയിന്‍ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി എഐ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍ഭവനില്‍ സംഘടിപ്പിച്ച ഉന്നതതല സുരക്ഷാ റിവ്യൂ മീറ്റിങ്ങിലാണ് മന്ത്രിയുടെ നിര്‍ദേശം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ട് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ട്രെയിനിലെ അപ്രതീക്ഷിതമായ അഗ്‌നിബാധകളും സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങളും സമീപകാലത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളെ റെയില്‍വേ ഗൗരവത്തിലാണ് നോക്കിക്കാണുന്നതെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

ട്രെയിന്‍ യാത്രകള്‍ക്കിടയിലും രാത്രി നേരങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ കാത്തിരിക്കുമ്പോഴുമെല്ലാം പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യാറുള്ള സാമൂഹിക വിരുദ്ധരുടെ ഉപദ്രവം ഒഴിവാക്കാന്‍ നീക്കം പ്രയോജനം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. സീറ്റുണ്ടായിട്ട് പോലും പലരും ഡോര്‍സ്റ്റെപ്പില്‍ ഇരിക്കാറുണ്ട്. ഇത്തരത്തിലുള്ള യാത്ര അപകടം വിളിച്ചുവരുത്തും. ക്യാമറ സ്ഥാപിക്കുന്നതോടെ ഇത്തരത്തിലുള്ള യാത്രകള്‍ക്കും അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്. അപരിചിതരെ ഉപദ്രവിക്കുക, ശല്യം ചെയ്യുന്ന തരത്തില്‍ സംസാരിക്കുക, അഗ്‌നിബാധയ്ക്ക് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രവൃത്തികളിലേര്‍പ്പെടുക തുടങ്ങിയ കാര്യങ്ങളിലും നിരീക്ഷണം കര്‍ശനമാക്കിയേക്കും. പുതിയ സുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും അസ്വാഭാവികമായി വല്ലതും ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 139-ല്‍ യാത്രക്കാര്‍ വിളിച്ചറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags