തമിഴ്നാട്ടിൽ എൻജിനില്ലാതെ തനിയെ ഉരുണ്ടുനീങ്ങി ഏഴ് ട്രെയിൻ കോച്ചുകൾ ; ഒഴിവായത് വൻ ദുരന്തം
ചെന്നൈ: എൻജിനില്ലാതെ തനിയെ നീങ്ങിയ ട്രെയിൻ കോച്ചുകൾ ആറു കിലോമീറ്ററോളം സഞ്ചരിച്ചശേഷം പാളം തെറ്റി. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ ജോളാർപേട്ടൈ റെയിൽവേ ജങ്ഷനിലെ യാർഡിൽനിന്ന് നീങ്ങിയ ഏഴ് കോച്ചുകളാണ് തമലേരി മുത്തൂരിന് സമീപം ബെംഗളൂരു–ജോളാർപേട്ടൈ പ്രധാന പാതയിൽ പാളം തെറ്റിയത്. സംഭവത്തെ തുടർന്ന് ബെംഗളൂരു–ചെന്നൈ റൂട്ടിലെ ട്രെയിൻ സർവിസുകൾ തടസ്സപ്പെട്ടു. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.
അറ്റകുറ്റപ്പണികൾക്കായി ജോളാർപേട്ടൈയിലെ കോച്ച് മെയിന്റനൻസ് യാർഡിൽ നിർത്തിയിട്ടിരുന്ന ഏഴ് ഒഴിഞ്ഞ കോച്ചുകളാണ് നിയന്ത്രണം വിട്ട് തനിയെ നീങ്ങിയത്. എൻജിൻ ഉപയോഗിച്ച് തള്ളിനീക്കിയ കോച്ചുകൾ പിന്നീട് കൃത്യമായി ഉറപ്പിക്കുകയോ നിയന്ത്രണത്തിലാക്കുകയോ ചെയ്തിരുന്നില്ലെന്നാണ് സൂചന. ഇതോടെ കോച്ചുകൾ യാർഡിന്റെ പരിധി കടന്ന് പാളത്തിലൂടെ പിന്നിലേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു.
ഏകദേശം ആറു കിലോമീറ്റർ സഞ്ചരിച്ച കോച്ചുകൾ തമലേരി മുത്തൂരിന് സമീപം പ്രധാന റെയിൽവേ പാതയിൽവെച്ചാണ് പാളം തെറ്റിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പർ അസാധാരണമായ ശബ്ദം കേട്ടതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ ബെംഗളൂരു ഭാഗത്തുനിന്ന് ജോളാർപേട്ടൈയിലേക്ക് വരികയായിരുന്ന വിവിധ ട്രെയിനുകൾ തടഞ്ഞിട്ടു. അടിയന്തര ഇടപെടലുകൾ നടത്തിയില്ലായിരുന്നെങ്കിൽ മറ്റൊരു ട്രെയിനുമായി കോച്ചുകൾ കൂട്ടിയിടിക്കുമായിരുന്നെന്നാണ് വിവരം.
വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പാളം തെറ്റിയ കോച്ചുകൾ നീക്കം ചെയ്യുന്നതിനായി ഗ്യാസ് കട്ടിങ് ഉപകരണങ്ങൾ ഉപയോഗിച്ച് അവ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഭാഗങ്ങൾ വേർപെടുത്തി. തുടർന്ന് ജെ.സി.ബിയുടെ സഹായത്തോടെ കോച്ചുകൾ റെയിൽവേ പാളത്തിൽനിന്ന് മാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് ബെംഗളൂരു–ചെന്നൈ റൂട്ടിൽ സർവിസ് നടത്തുന്ന നിരവധി ട്രെയിനുകൾ വൈകിയോടി. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ യാർഡുകളിലൊന്നായി അറിയപ്പെടുന്ന ജോളാർപേട്ടൈ ജങ്ഷനിൽ 16 റെയിൽവേ ട്രാക്കുകളുണ്ട്.
അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടിരുന്ന കോച്ചുകൾ എങ്ങനെ നിയന്ത്രണം വിട്ട് നീങ്ങിയെന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കോച്ചുകൾ സുരക്ഷിതമായി ഉറപ്പിക്കുന്നതിലും നിരീക്ഷിക്കുന്നതിലും വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. സംഭവത്തിൽ റെയിൽവേയുടെ സുരക്ഷാ നടപടികളും ജീവനക്കാരുടെ ഉത്തരവാദിത്തവും സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
.jpg)

