ഹിമാചലിൽ വിനോദസഞ്ചാരികള്‍ യാത്രചെയ്തിരുന്ന ബസ് തലകീഴായി മറിഞ്ഞു; 31 പേർക്ക് പരിക്ക്

Tourist bus overturns in Himachal; 31 injured
Tourist bus overturns in Himachal; 31 injured

മണ്ഡി: ഹിമാചല്‍ പ്രദേശില്‍ വിനോദസഞ്ചാരികള്‍ യാത്രചെയ്തിരുന്ന ബസ് തലകീഴായി മറിഞ്ഞു. 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കസോളിലേക്ക് പോകുകയായിരുന്ന ബസ് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടത്തില്‍ പെട്ടത്. ഛണ്ഡീഗഢ് -മണാലി ദേശീയ പാതയില്‍ മണ്ഡിക്ക് സമീപത്തായാണ് ബസ് മറിഞ്ഞത്.

കുളുവിലെ പാര്‍വതി വാലിയിലുള്ള കസോളിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. ബസില്‍ മൊത്തം 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരേയും മണ്ഡിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎസ്പി മന്ദിര്‍ സാഗര്‍ ചന്ദര്‍ അറിയിച്ചു.

അമിതവേഗതയാണ് അപകടകാരണം എന്നാണ് പോലീസും ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യമുണ്ടായാല്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 

Tags