അക്രമികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഓടി കിണറ്റിൽ വീണു, ടോൾപ്ലാസ ജീവനക്കാർക്ക് ദാരുണാന്ത്യം

google news
rt

ഭോപ്പാൽ: മധ്യപ്രദേശിലെ ദഗരി ടോൾ പ്ലാസയിലെ ജീവനക്കാർ കിണറ്റിൽ വീണ് മുങ്ങി മരിച്ചു. ടോൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമികളുടെ കയ്യിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെയായിരുന്നു ജീവനക്കാർ കിണറ്റിൽ വീണത്.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ദേശീയപാത-44ലെ ദഗരി ടോൾ പ്ലാസയിൽ മുഖം മൂടി ധരിച്ച് തോക്കുമായി എത്തിയ നാലുപേർ ടോളിനെച്ചൊല്ലി തർക്കമുണ്ടാക്കുകയും തുടർന്ന് ടോൾ കൗണ്ടറുകളുടെ വാതിലുകളും കമ്പ്യൂട്ടറുകളും നശിപ്പിക്കുകയും ജീവനക്കാരെ ഉപദ്രവിക്കുകയുമായിരുന്നു. തുടർന്ന് അക്രമികൾ ആകാശത്തേക്ക് വെടിയുതിർത്തു. ജീവനക്കാർ രക്ഷക്കായി അടുത്തുള്ള പറമ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെയാണ് പറമ്പിലെ കിണറിൽ വീണത്.

ആഗ്ര സ്വദേശി ശ്രീനിവാസ് പരിഹാർ, നാഗ്പൂർ സ്വദേശി ശിവാജി കണ്ടേലെ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ബുധനാഴ്ച പുറത്തെടുത്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags