പശ്ചിമ ബംഗാളിൽനിന്ന് അസമിലെ ജനവാസ മേഖലയിലെത്തിയ കടുവ ഒടുവിൽ പിടിയിൽ

kaduva

ഗുവാഹത്തി: പശ്ചിമ ബംഗാളിലെ ബക്സ കടുവ സംരക്ഷണ കേന്ദ്രത്തിൽനിന്ന് നൂറുകിലോമീറ്ററിലധികം സഞ്ചരിച്ച് അസമിലെത്തിയ പെൺകടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സുരക്ഷിതമായി പിടികൂടി.

ഒക്ടോബർ രണ്ടിനാണ് കടുവയെ ബക്സ കടുവ സംരക്ഷണ കേന്ദ്രത്തിൽ കാട്ടിലേക്ക് തുറന്നുവിട്ടത്. തുടർന്ന് അതിർത്തി കടന്ന് അസമിലെ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജ്യണിലെ റൈമോണ ദേശീയോദ്യാനത്തിൽ എത്തുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

ഒക്ടോബർ 23 മുതൽ വനമേഖലയിലൂടെ സഞ്ചരിച്ച കടുവ, അസമിലെ കൊക്രജാർ ജില്ലയിലെ ജനവാസ മേഖലകൾക്ക് സമീപത്തേക്ക് എത്തിയത് നാട്ടുകാരിൽ ആശങ്ക പരത്തിയിരുന്നു. തുടർന്ന് ജനങ്ങളുടെയും മൃഗത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പശ്ചിമ ബംഗാൾ, ബോഡോലാൻഡ് വനംവകുപ്പുകൾ സംയുക്തമായി നിരീക്ഷണവും രക്ഷാപ്രവർത്തനവും ആരംഭിച്ചു. ജില്ല ഭരണകൂടത്തിന്റെയും പൊലീസിന്റെയും പ്രാദേശിക ജനങ്ങളുടെയും പിന്തുണയോടെയായിരുന്നു ഈ ഓപ്പറേഷൻ.

ഭരണപരമായ അതിർത്തികൾ കടന്നുള്ള വന്യജീവികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലും അന്തർസംസ്ഥാന സഹകരണത്തിന്റെ പ്രാധാന്യമാണ് ഈ ദൗത്യം എടുത്തുകാട്ടുന്നതെന്ന് അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മുഴുവൻ ടീമുകളുടെയും പ്രയത്നങ്ങളെ അസം പരിസ്ഥിതി-വനം മന്ത്രി ജയന്ത മലബറുവ പ്രശംസിച്ചു. അന്തർസംസ്ഥാന ഏകോപനത്തിന്റെയും വന്യജീവി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയുടെയും മികച്ച ഉദാഹരണമാണ് ഈ ദൗത്യമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കടുവയുടെ സുരക്ഷ ഉറപ്പാക്കാൻ വിജയിച്ച ബംഗാളിലെയും ബോഡോലാൻഡിലെയും വനപാലകരെയും മന്ത്രി അഭിനന്ദിച്ചു.

Tags