അസമില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
നാലുപേരെയും ഗോള്‍പാര സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉടമസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചിരുന്നു.
അസമിലെ ഗോള്‍പാര ജില്ലയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മുന്ന് പേര്‍ക്ക് ദാരുണാന്ത്യം. ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ 9.30ഓടെ സ്ഥല ഉടമയായ ജോഷോക്ക് റാബാ(40), തൊഴിലാളികളായ രണ്ടുപേര്‍, ഒരു ബന്ധു എന്നിവരാണ് കാലപഴക്കമുണ്ടായിരുന്ന ടാങ്ക് വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇതിനിടയില്‍ നാലു പേരും ടാങ്കില്‍ കുടുങ്ങി. ഇവരെ പിന്നീട് പ്രദേശവാസികളാണ് പുറത്തെത്തിച്ചത്.
നാലുപേരെയും ഗോള്‍പാര സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉടമസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചിരുന്നു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്. തൊഴിലാളികളായ കൃഷ്ണ റോയി(28), ദിലീപ് ദാസ് (28) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. ജോഷോക്കിന്റെ ബന്ധു 25കാരനായ ബാജ്പയ് റാഭായാണ് ചികിത്സയിലിരിക്കുന്നത്.
മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മൂവരുടെയും മരണകാരണം വ്യക്തമാകു എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. നിലവില്‍ അപകടമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദൃക്സാക്ഷികളെ അടക്കം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വായു സഞ്ചാരമില്ലാത്തതിനാല്‍ ആഴമുള്ള ടാങ്കില്‍ ശ്വാസംമുട്ടിയാകാം മൂവരും മരിച്ചതെന്നാണ് സംശയിക്കുന്നത്. ഇതിനുള്ളില്‍ വിഷവായു ഉണ്ടായിരുന്നിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
.jpg)

