ഡല്‍ഹില്‍ ഗോള്‍ഫ് കോഴ്‌സിനുള്ളിലെ കുളത്തില്‍ മുങ്ങി മൂന്ന് കുട്ടികള്‍ മരിച്ചു
നിർമ്മാണത്തിലിരിക്കുന്ന ഈ ഗോള്‍ഫ് കോഴ്‌സ് പരിസരം വേലികെട്ടി തിരിച്ചതാണെങ്കിലും കുട്ടികള്‍ എങ്ങനെ ഉള്ളില്‍ കടന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഡല്‍ഹി : ദ്വാരക സെക്ടർ 24ല്‍ ദില്ലി വികസന അതോറിറ്റിയുടെ ഗോള്‍ഫ് കോഴ്‌സിനുള്ളിലെ കുളത്തില്‍ മുങ്ങി മൂന്ന് കുട്ടികള്‍ മരിച്ചു. രവി ജയ്‌സ്വാള്‍ (8), വീർ ജയ്‌സ്വാള്‍ (11), ഹർഷ് (11) എന്നിവരായി തിരിച്ചറിഞ്ഞു. ഇതില്‍ രവിയും വീറും സഹോദരങ്ങളാണ്
വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് ദ്വാരക സെക്ടർ 23 പൊലീസ് സ്റ്റേഷനില്‍ അപകടത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളും സ്ഥലത്തെത്തി. ഏകദേശം 7 അടി താഴ്ചയുള്ള കുളത്തില്‍ കുട്ടികള്‍ മുങ്ങിപ്പോയ നിലയിലായിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ കുളിക്കാനോ നീന്താനോ ആയി വെള്ളത്തില്‍ ഇറങ്ങിയപ്പോഴുണ്ടായ അപകടമെന്നാണ് സംഭവത്തെ നിരീക്ഷിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
നിർമ്മാണത്തിലിരിക്കുന്ന ഈ ഗോള്‍ഫ് കോഴ്‌സ് പരിസരം വേലികെട്ടി തിരിച്ചതാണെങ്കിലും കുട്ടികള്‍ എങ്ങനെ ഉള്ളില്‍ കടന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. മരത്തില്‍ കയറിയോ മറ്റോ കുട്ടികള്‍ ഉള്ളിലേക്ക് കടന്നതാകാം എന്ന് പൊലീസ് സംശയിക്കുന്നത്.
.jpg)

