ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയാണ്, അവർ തമിഴ്നാട്ടിലേക്ക് കടക്കുന്നത് തടയണം ; രാഹുൽ ഗാന്ധി
ചെന്നൈ: ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണെന്നും മണിപ്പൂർ സംസ്ഥാനത്തെ കത്തിക്കുകയുമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ വിദ്വേഷം പടർത്താൻ കോൺഗ്രസ് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി.
തമിഴ്‌നാടിന് വേണ്ടി എ.ഐ.എ.ഡി.എം.കെ നൽകിയ സംഭാവനകളെ പ്രശംസിച്ച രാഹുൽ ഗാന്ധി എ.ഐ.എ.ഡി.എം.കെ ഇപ്പോൾ അത്തരമൊരു പാർട്ടി അല്ലെന്നും ‘പൊള്ളയായ പുറംതോടാ’യി മാറിയെന്നും പറഞ്ഞു. താൻ നടത്തിയ ഭാരത് ജോഡോ യാത്രയിൽ പാർട്ടിയും താനും മുന്നോട്ടുവെച്ച ആശയം ഐക്യവും ഐക്യമുള്ള ഇന്ത്യയുമായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള രണ്ട് വ്യത്യസ്ത ദർശനങ്ങളുടെ ഏറ്റുമുട്ടലായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. ഓരോ സംസ്ഥാനവും സ്വയം ഭരിക്കണമെന്നാണ് ഞങ്ങൾ പറയുക. എന്നാൽ എല്ലാ സംസ്ഥാനങ്ങളും ആർ.എസ്.എസ് എന്ന രാഷ്ട്രീയ സംഘടനക്ക് വിധേയമാകണമെന്നാണ് അവരുടെ വാദം. ഇപ്പോൾ, ഈ തെരഞ്ഞെടുപ്പിൽ അവർ തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണ്. എ.ഐ.എ.ഡി.എം.കെക്ക് വലിയ ചരിത്ര പാരമ്പര്യമുണ്ട്. കോൺഗ്രസിനെയും ഡി.എം.കെയെയും പോലെ, എ.ഐ.എ.ഡി.എം.കെയും മുന്നോട്ടുള്ള വഴി കാണിച്ചുതന്നിരുന്നു. മുൻകാലങ്ങളിൽ തമിഴ്‌നാട് എന്ന ആശയം സംരക്ഷിച്ച മികച്ച നേതാക്കൾ അവർക്കുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ എ.ഐ.എ.ഡി.എം.കെ ഇപ്പോൾ ആ പഴയ പാർട്ടിയല്ല. എ.ഐ.എ.ഡി.എം.കെ നേതാക്കൾ വിട്ടുവീഴ്ച ചെയ്തതിനാൽ ഇന്ന് അത് ഒരു പൊള്ളയായ പുറംതോടാണ്’ -രാഹുൽ ഗാന്ധി വിമർശിച്ചു.
അവരുടെ അഴിമതി അവരെ ഒരു കുടക്കീഴിലാക്കിയിരിക്കുന്നു. ബി.ജെ.പിയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തമിഴ്‌നാട് പിടിച്ചെടുക്കാൻ എ.ഐ.എ.ഡി.എം.കെയെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആർ.എസ്.എസും ബി.ജെ.പിയും തമിഴ്‌നാട്ടിലേക്ക് കടക്കുന്നത് തടയുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി രാജ്യത്തുടനീളം വെറുപ്പും കോപവും അക്രമവും പ്രചരിപ്പിക്കുന്നു. അവർ അധികാരം ഏതാനും വൻകിട ബിസിനസുകാരുടെ കൈകളിൽ കേന്ദ്രീകരിക്കുന്നു. അവർ അസമമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നു. ന്യൂനപക്ഷങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരെ അവർ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ക്രിസ്ത്യൻ, മുസ്ലീം, സിഖ് സഹോദരീസഹോദരന്മാരെ എപ്പോഴും ഭയപ്പെടുത്തുന്നു. മണിപ്പൂർ സംസ്ഥാനം ബി.ജെ.പി കത്തിച്ചു -രാഹുൽ പറഞ്ഞു.
കോൺഗ്രസ് ഐക്യവും നീതിയും തുല്യതയും നിറഞ്ഞ ഒരു രാജ്യത്തിനെ വിശ്വസിക്കുന്നുവെന്നും ഇന്ത്യയിലുടനീളം വെറുപ്പും കോപവും പ്രചരിപ്പിക്കാൻ അവരെ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു. കൂടാതെ, വനിത ബില്ലിനെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. ബി.ജെ.പി വനിതാ ബിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 2023 ലെ വനിതാ ബിൽ ഇപ്പോൾ തന്നെ നടപ്പിലാക്കുവെന്നും പ്രതിപക്ഷം നിങ്ങളെ 100 ശതമാനം പിന്തുണക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
.jpg)

