സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തണമെന്ന തന്റെ വാക്ക് കേട്ടവര്‍ ഇന്ന് തന്നോട് നന്ദി പറയുന്നു ; പ്രധാനമന്ത്രി മോദി
കഴിഞ്ഞ മെയ് 10-ാം തിയതിയാണ് വരുന്ന ഒരു വര്‍ഷത്തേക്ക് അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങരുതെന്ന് മോദി രാജ്യത്തോട് അഭ്യര്‍ഥിച്ചത്.
സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തണമെന്ന തന്റെ വാക്ക് കേട്ടവര്‍ ഇന്ന് തന്നോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് തന്റെ വാക്കുകള്‍ എല്ലാവരും കേട്ടതിനാലാണ് സ്വര്‍ണവില കുറഞ്ഞതെന്ന് മോദി അവകാശപ്പെട്ടു. ഒരു വര്‍ഷത്തേക്ക് അത്യാവശ്യമില്ലാതെ സ്വര്‍ണം വാങ്ങരുതെന്ന തന്റെ അഭ്യര്‍ത്ഥന ജനങ്ങള്‍ ഏറ്റെടുത്തു. അതിനാല്‍ സ്വര്‍ണവില കുറയുകയും ജനങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിയുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ പറഞ്ഞു
കഴിഞ്ഞ മെയ് 10-ാം തിയതിയാണ് വരുന്ന ഒരു വര്‍ഷത്തേക്ക് അത്യാവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങരുതെന്ന് മോദി രാജ്യത്തോട് അഭ്യര്‍ഥിച്ചത്. ആറ് മാസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില പവന് ഒരു ലക്ഷത്തേക്കാള്‍ താഴെ വന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഗോമതി നഗറിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനില്‍ നടന്ന അഞ്ചാമത് നാഷണല്‍ സ്‌കില്‍ കോണ്‍വൊക്കേഷനില്‍ (കൗശല്‍ ദീക്ഷാന്ത് സമാരോഹ്) നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
ലാല്‍ ബഹദൂര്‍ ശാസ്ത്രി 1960കളില്‍ ജനങ്ങളോട് നടത്തിയ ഒരു അഭ്യര്‍ഥനയുമായാണ് മോദി തന്റെ മെയ് മാസത്തിലെ അഭ്യര്‍ഥനയെ താരതമ്യം ചെയ്തത്. 'അന്ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാന്‍ ശാസ്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഈ നാട് അനുസരിച്ചു. എന്റെ രാജ്യത്തിന്റെ ആ മഹിമ ഇന്നും പോയിട്ടില്ല. എന്നെപ്പോലൊരു സാധാരണക്കാരന്‍ സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പറഞ്ഞു. ജനങ്ങള്‍ അനുസരിച്ചു. ഇപ്പോള്‍ ആളുകള്‍ എന്നോട് പറയുകയാണ്. മോദിജീ അങ്ങയുടെ വാക്കുകള്‍ കേട്ടതിനാല്‍ ഞങ്ങളുടെ ഒരുപാട് പണം ലാഭിക്കാന്‍ പറ്റി എന്ന്', മോദി പറഞ്ഞു.
.jpg)

