'അമേരിക്കയിലും ജപ്പാനിലുമൊക്കെ ഇത് സംഭവിക്കാറുണ്ട്'; മാധ്യമങ്ങളോട് വിചിത്ര പ്രതികരണവുമായി ബിഹാര്‍ മന്ത്രി
ഇത്തരം ആളുകളാണ് നിയമവാഴ്ച തകര്‍ക്കാനും സംസ്ഥാനത്തിന് അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാറിലെ സമസ്തിപുരിലും ജമുയിയിലും പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി ബിഹാര്‍ മന്ത്രി അശോക് ചൗധരി. ഇത്തരം സംഭവങ്ങള്‍ അമേരിക്കയിലും ജപ്പാനിലും നടക്കാറുണ്ടെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഓരോന്ന് പറയരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. 14 കോടി ജനസംഖ്യയുള്ള ബിഹാറില്‍ വിവരമില്ലാത്തവരും അവിവേകികളുമായ ആളുകളുണ്ടെന്നും ഇത്തരം ആളുകളാണ് നിയമവാഴ്ച തകര്‍ക്കാനും സംസ്ഥാനത്തിന് അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സമസ്തിപുരില്‍ പൊതുസ്ഥലത്തുവെച്ച് ഒരു പെണ്‍കുട്ടിയെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഉപദ്രവിച്ചതിനെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജമുയിയിലും ദര്‍ഭംഗയിലും സമാനമായ രീതിയിലുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതികരണം.
സംസ്ഥാനത്ത് സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലേ എന്നും ആളുകള്‍ എങ്ങനെ തെരുവിലിറങ്ങി നടക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുയര്‍ത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതനായ മന്ത്രി, 'ഒരു ആഖ്യാനമുണ്ടാക്കാന്‍ ശ്രമിക്കരുത്' എന്ന് മറുപടി നല്‍കി. ചോദ്യം നെഗറ്റീവാണെന്ന് പറഞ്ഞ മന്ത്രി എന്താണ് ചോദിക്കേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകരെ പഠിപ്പിക്കാനും ശ്രമിച്ചു. ഇന്ന് സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ മുന്‍ ഭരണ കാലത്തെ അവസ്ഥ കണ്ടിട്ടില്ലേ എന്ന മറുചോദ്യവും മന്ത്രി ചോദിച്ചു. നിലവിലെ സര്‍ക്കാരിന് ഭരണ നിര്‍വഹണത്തിന് കഴിവുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജമുയിയില്‍ 24 മണിക്കൂറിനുള്ളിലും സമസ്തിപുരില്‍ 12 മണിക്കൂറിനുള്ളിലും പ്രതികളെ പിടികൂടി ഉടനടി നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദിവസേന ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അമേരിക്കയിലെയും ജപ്പാനിലെയും ഉദാഹരണങ്ങളാണ് മന്ത്രി നിരത്തിയത്. അമേരിക്ക നമ്മളെക്കാള്‍ വികസിതമാണെങ്കിലും അവിടെയും ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും അത്തരം സംഭവങ്ങള്‍ എവിടെ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ടോ അതോ നടപടിയെടുക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

