'E20 ഇന്ധനത്തിന് അനുയോജ്യമാക്കാന്‍ 2016-ന് മുന്‍പ് നിര്‍മ്മിച്ച വാഹനങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം'

Nitin Gadkari

'E20 ഇന്ധനം ഉപയോഗിക്കുന്നതിനായി കാറുകളുടെയോ ഇരുചക്ര വാഹനങ്ങളുടെയോ എഞ്ചിനുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഗഡ്കരി വ്യക്തമാക്കി.

'E20 ഇന്ധനത്തിന് അനുയോജ്യമാക്കാന്‍ 2016-ന് മുന്‍പ് നിര്‍മ്മിച്ച ചില വാഹനങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 2005 ഏപ്രില്‍ 1-ന് പുറത്തിറങ്ങിയതും 2016-ന് മുന്‍പ് നിര്‍മ്മിച്ചതുമായ ബിഎസ് 3 വാഹനങ്ങളില്‍ ചില റബ്ബര്‍ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടിവന്നേക്കാം എന്നാണ് ഗഡ്കരി പറഞ്ഞത്. എ എ റഹീം എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'E20 ഇന്ധനം ഉപയോഗിക്കുന്നതിനായി കാറുകളുടെയോ ഇരുചക്ര വാഹനങ്ങളുടെയോ എഞ്ചിനുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഗഡ്കരി വ്യക്തമാക്കി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിച്ച് ഓടിച്ചപ്പോള്‍ പഴയ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അവയ്ക്ക് കാര്യമായ തേയ്മാനമോ മറ്റ് അസാധാരണമായ മാറ്റങ്ങളുണ്ടായിരുന്നില്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയത് എന്നാണ് മന്ത്രി പറഞ്ഞത്.

ചില റബ്ബര്‍ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാം. അത് വാഹനത്തിന്റെ പതിവ് സര്‍വീസിംഗ് സമയത്ത് തന്നെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുളളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധനക്ഷമതയെക്കുറിച്ചുളള ആശങ്കകള്‍ക്കും അദ്ദേഹം മറുപടി നല്‍കി.വാഹനങ്ങളുടെ മൈലേജ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതാണെന്നും അത് E20 ഇന്ധനത്തിന്റെ ഉപയോഗം കൊണ്ട് മാത്രമുണ്ടാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഘട്ടം ഘട്ടമായി കൃത്യമായി ആസൂത്രണം ചെയ്ത് ശാസ്ത്രീയമായാണ് എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ പദ്ധതി നടപ്പിലാക്കിയതെന്നും ഒരു നൂറ്റാണ്ടിലേറെയായി ആഗോളതലത്തില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനമാണ് ഉപയോഗിച്ചുവരുന്നതെന്നും ഗഡ്കരി പറഞ്ഞു. ബ്രസീല്‍ പോലുളള രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനമാണ് ഉയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags