തേനിയിലെ ജയിൽ ചാട്ടം: വിചാരണ തടവുകാർ രക്ഷപ്പെടുന്നത് തടയാൻ തോക്ക് ഉപയോഗിക്കാൻ ജയിൽ ഉദ്യോഗസ്ഥർക്ക് അനുമതി

Theni prison escape: Prison officials allowed to use guns to prevent undertrial prisoners from escaping

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയിൽ തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയ സംഭവത്തിന് പിന്നാലെ സുരക്ഷ കർശനമാക്കി തമിഴ്‌നാട് സർക്കാർ. ജയിൽ ചാടാൻ ശ്രമിക്കുന്ന തടവുകാരെ പ്രതിരോധിക്കാൻ തോക്ക് ഉപയോഗിക്കാൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. ഇതുസംബന്ധിച്ച് ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് ഔദ്യോഗിക ഉത്തരവിറക്കി.തിങ്കളാഴ്ചയാണ് തേനി ആണ്ടിപ്പട്ടിക്ക് സമീപത്തെ തെക്കംപട്ടി സബ് ജയിലിൽ നിന്ന് 17 തടവുകാർ കൂട്ടത്തോടെ തടവുചാടിയത്. സംഭവം സംസ്ഥാനത്തുടനീളം വലിയ ചർച്ചയാവുകയും ചെയ്തു. തുടർന്ന് കേരള അതിർത്തിയിലടക്കം തമിഴ്നാട് പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിൽ 13 പേരെ പിടികൂടി.

കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളായ പി. പൊൻമുത്തുസെൽവം, കെ. തിരുപ്പതി, ആർ. റെജിൻ, കെ. മീനാക്ഷി സുന്ദരം എന്നീ നാലുപേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും ഭരണകക്ഷിയായ ടിവികെയ്ക്ക് (TVK) എതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

Tags