ജി 20 മീറ്റിംഗുകള്‍ക്കായി അലങ്കരിച്ചിരുന്ന ചെടിച്ചട്ടികള്‍ മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Sat, 18 Mar 2023

ജി 20 മീറ്റിംഗുകള്‍ക്കായി അലങ്കരിച്ചിരുന്ന ചെടിച്ചട്ടികള്‍ മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അലങ്കാരത്തിനായി റോഡില്‍ വെച്ചിരുന്ന ചെടിച്ചട്ടികളാണ് ഇവര്‍ മോഷ്ടിച്ചത്. പ്രതികള്‍ ബിഎംഡബ്ല്യു കാറില്‍ എത്തി ചെടിച്ചട്ടികള്‍ കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
25ഉം, 22ഉം വയസ്സുള്ള നാഗ്പൂര്‍ സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് റാണാ പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മങ്കേഷ് കാലെ പറഞ്ഞു. ജി 20 മീറ്റിംഗുകള്‍ക്കുള്ള പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായി അലങ്കരിച്ചതായിരുന്നു ചെടിച്ചട്ടികള്‍. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഛത്രപതി സ്‌ക്വയര്‍ മുതല്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂ വരെയുള്ള റോഡ് ഡിവൈഡറില്‍ സിവില്‍ ഉദ്യോഗസ്ഥരാണ് ചെടിച്ചട്ടികള്‍ നട്ടുപിടിപ്പിച്ചത്.