ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു ; രണ്ട് പ്രാദേശിക ടിവികെ നേതാക്കള്‍ അറസ്റ്റില്‍

arrest

തൂത്തുക്കുടി, രാമനാഥപുരം ജില്ലക്കാരാണ് പ്രതികള്‍.

തമിഴ്‌നാട് തൂത്തുക്കുടിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രാദേശിക ടിവികെ നേതാക്കള്‍ അറസ്റ്റിലായി. തൂത്തുക്കുടി, രാമനാഥപുരം ജില്ലക്കാരാണ് പ്രതികള്‍. തമിഴ്‌നാട്ടിലെ വോട്ടെണ്ണലിന് തലേന്ന് മെയ് മാസം മൂന്നിനാണ് തൂത്തുക്കുടി ശ്രീവൈകുണ്ടഠം സ്വദേശിയായ യുവതി പീഡനത്തിനിരയായത്. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓര്‍ഗനൈസര്‍ ബാലസുബ്രഹ്‌മണ്യം, രാമനാഥപുരത്തെ പാര്‍ട്ടി ഭാരവാഹി ജയബാല്‍ എന്നിവര്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. കാറില്‍ വച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയതിന് ശേഷം ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച ശ്രീവൈകുണ്ഠം വനിത പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കി. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ബാലസുബ്രമണ്യത്തിനെയും ജയബാലിനെയും അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.  റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ഇരുവരും പാളയംകോട്ട ജയിലിലാണ് നിലവിലുള്ളത്.
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യമെന്ന് പ്രഖ്യാപിച്ച വിജയ്ക്കും പാര്‍ട്ടിയ്ക്കും തിരിച്ചടിയാണ് പുതിയ സംഭവം.
 

Tags