കൊളത്തൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; എം.കെ. സ്റ്റാലിൻ വീണ്ടും മത്സരിക്കുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ

The stage is set for the by-election in Kolathur; Political centers are eagerly waiting to see if MK Stalin will contest again.

 ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയ ടിവികെ എംഎൽഎ വി.എസ്. ബാബുവിന്റെ നിര്യാണത്തെത്തുടർന്ന് കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നു. ഇതോടെ സ്റ്റാലിൻ വീണ്ടും കൊളത്തൂരിൽ ജനവിധി തേടുമോ എന്നതാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയം.

സ്റ്റാലിൻ വീണ്ടും കൊളത്തൂരിൽ മത്സരിക്കണമെന്ന ആവശ്യം ഡിഎംകെ അണികൾക്കിടയിൽ ശക്തമാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്റ്റാലിന്റേതായിരിക്കുമെന്നും ഡിഎംകെ എംപി സി. രവീന്ദ്രൻ വ്യക്തമാക്കി. 2011 മുതൽ സ്റ്റാലിൻ പ്രതിനിധീകരിച്ചിരുന്ന കൊളത്തൂർ മണ്ഡലത്തിൽ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് വി.എസ്. ബാബു അട്ടിമറി വിജയം നേടിയത്. നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ബാബുവിന്റെ വിജയം. 82,997 വോട്ടുകൾ ബാബു നേടിയപ്പോൾ സ്റ്റാലിന് 74,202 വോട്ടുകളാണ് ലഭിച്ചത്.

ഡിഎംകെയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച വി.എസ്. ബാബു പാർട്ടിയുടെ ചെന്നൈ നോർത്ത് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെ പുരസൈവാക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്ന അദ്ദേഹം പിന്നീട് എഐഎഡിഎംകെയിൽ ചേരുകയും 2026-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെയിൽ എത്തുകയുമായിരുന്നു.

കോട്ടയായിരുന്ന കൊളത്തൂർ തിരിച്ചുപിടിക്കാനുള്ള അവസരമായാണ് ഡിഎംകെ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം, വീണ്ടും മത്സരിക്കാൻ തീരുമാനിക്കുകയും പരാജയപ്പെടുകയും ചെയ്താൽ അത് കൂടുതൽ രാഷ്ട്രീയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. മറുവശത്ത്, അധികാരത്തിലേറിയ വിജയ്‌യ്ക്കും ടിവികെയ്ക്കും കൊളത്തൂർ മണ്ഡലം നിലനിർത്തേണ്ടത് രാഷ്ട്രീയമായി നിർണായകമാണ്.

Tags