'പിസയും ബര്‍ഗറും കഴിക്കാനെത്തിയവരാണ് സമരക്കാര്‍'; സിജെപി സമരത്തെ പരിഹസിച്ച് ഓര്‍ഗനൈസര്‍

organiser

കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നില്‍ ഇടതുപക്ഷ സംഘടനകളാണെന്നും ലേഖനം വിമര്‍ശിക്കുന്നുണ്ട്.

സിജെപി സമരത്തെ പരിഹസിച്ച് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. പിസയും ബര്‍ഗറും കഴിക്കാനെത്തിയവരാണ് സമരക്കാരെന്നും സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം മൂലമാണ് കൗമാരക്കാര്‍ സമരത്തിന് എത്തിയതെന്നുമായിരുന്നു പരിഹാസം. എസ്എഫ്ഐയും ഐസയും ദുഷ്ട ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സമരവേദി ഉപയോഗിച്ചു. സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. എം എ ബേബിയും സംഘവും ചൈനീസ് എംബസി സന്ദര്‍ശിക്കുന്ന ചിത്രങ്ങളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തിന് പിന്നില്‍ ചൈനീസ് ചാരന്മാരാണെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നുണ്ട്. ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ജൂലൈ 18ന് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നില്‍ ഇടതുപക്ഷ സംഘടനകളാണെന്നും ലേഖനം വിമര്‍ശിക്കുന്നുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടി ഓണ്‍ലൈനില്‍ ആരംഭിച്ച പ്രചാരണം ജന്തര്‍ മന്തറിലെ തെരുവുകളിലേക്ക് എത്തിയതോടെ പതിവുപോലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തിറങ്ങിയെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. എസ്എഫ്‌ഐ, എഐഎസ്എഫ്എ, ഐഎസ്എ പ്രവര്‍ത്തകര്‍ മേളം, മുദ്രാവാക്യങ്ങള്‍, മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 'പബ്ലിക് ലൈബ്രറികള്‍', സൂക്ഷ്മമായി ആസൂത്രണം ചെയ്ത നിരാഹാര സമരങ്ങള്‍ എന്നിവയുമായി പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായി മാറിയെന്നും ലേഖനം പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആശങ്കപ്പെട്ട് എത്തിയ യഥാര്‍ഥ വിദ്യാര്‍ത്ഥികള്‍ ക്രമേണ പ്രതിഷേധത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുവെന്നാണ് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ഉള്ളത്.

എസ്എഫ്‌ഐ, എഐഎസ്എഫ്എ, ഐഎസ്എ ചൈന സന്ദര്‍ശിക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയ്ക്കുന്ന യുവജന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ആശയപരമായ പിന്തുണയ്‌ക്കൊപ്പം സാമഗ്രികളും മറ്റ് സഹായങ്ങളും ഇന്ത്യന്‍ പ്രതിഷേധങ്ങളിലേക്ക് എത്തുന്നുവെന്നുമാണ് വിമര്‍ശകരുടെ ആരോപണമെന്ന് ചൂണ്ടിക്കാണിച്ചാണ് ലേഖനത്തിലെ വിമര്‍ശനം. എസ്എഫ്‌ഐ നേതാക്കളായ ആദര്‍ശ് എം സജിയും ഐഷ ഘോഷും കഴിഞ്ഞ ആഴ്ച ചൈനീസ് എംബസി സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു എന്നാണ് ലേഖനം പറയുന്നത്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി കൂടിയായ മുന്‍ കേരള മന്ത്രിയായ എം എ ബേബിയും ഈ സന്ദര്‍ശനത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹത്തിന് ചൈനയുമായി ദീര്‍ഘകാല ആശയപരവും രാഷ്ട്രീയപരവുമായ അടുപ്പമുണ്ടെന്ന ആരോപണവും വിമര്‍ശകര്‍ ഉയര്‍ത്തുന്നുണ്ട് എന്ന് ലേഖനം പറയുന്നു.

Tags