രാഷ്ട്രപതി സ്വന്തം അമ്മയെ പോലെ; വിവാഹം ചെയ്യാതിരുന്നത് എഡിസി ആയിരുന്നതിനാല്‍; തുറന്നുപറഞ്ഞ് മേജര്‍ ഋഷഭ് സിങ് സംബ്യാല്‍

major rishabh singh

12 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിച്ചത്

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സൈനിക സഹായി (എഡിസി) ആയിരുന്ന പാരാ സ്‌പെഷല്‍ ഫോഴ്‌സ് ഓഫീസര്‍ മേജര്‍ ഋഷഭ് സിങ് സംബ്യാല്‍ അടുത്തിടെയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. 12 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിച്ചത്. രാഷ്ട്രപതിക്കൊപ്പം പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഋഷഭ് സിങ് സംബ്യാല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തന്റെ ജോലിയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമാണ് അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചിരിക്കുന്നത്.


രാഷ്ട്രപതിയെ തനിക്ക് സ്വന്തം അമ്മയെ പോലെ തോന്നിയ നിമിഷങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തന്റെ അമ്മയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് തോന്നിയതെന്ന് അദ്ദേഹം പറയുന്നു. സൈനിക സേവനത്തിിടയില്‍ 2014 മുതല്‍ താന്‍ സ്വന്തം അമ്മയ്‌ക്കൊപ്പം താമസിച്ചിട്ടില്ലെന്നും മാസങ്ങളോളം നീളുന്ന യാത്രകള്‍ക്കിടയില്‍ വളരെ കുറച്ചു സമയം മാത്രമാണ് സാധാരണയായി വീട്ടില്‍ ചിലവഴിക്കാന്‍ സാധിക്കാറുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി വളരെ നല്ലരീതിയിലാണ് തങ്ങളോടെല്ലാം പെരുമാറിയിരുന്നതെന്നും അമ്മയുടെ ഒപ്പം ഉള്ളതിനെക്കാള്‍ കൂടുതല്‍ സമയം ചെലവഴിച്ചത് രാഷ്ട്രപതിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വിവാഹിതനല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ എഡിസിമാര്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്നൊരു വ്യവസ്ഥയുണ്ട്. എനിക്ക് കുടുംബത്തില്‍ നിന്ന് അകന്നുനില്‍ക്കേണ്ടതുണ്ട്. അത് വലിയ ത്യാഗമാണെന്ന് കരുതുന്നു. പ്രസിഡന്റിനൊപ്പം സേവനമനുഷ്ഠിച്ചിരുന്ന കാലത്ത്, ഒരു സാധാരണ മനുഷ്യനെപ്പോലെ പുറത്തിറങ്ങി ജീവിതം ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല  ഋഷഭ് സിങ് സംബ്യാല്‍ പറഞ്ഞു. ഇതെല്ലാം ഖേദത്തോടെയല്ല അദ്ദേഹം വിവരിക്കുന്നത്. മറിച്ച് അഭിമാനകരവും, എന്നാല്‍ കഠിനമായതുമായ ഉത്തരവാദിത്തം വേണ്ടതുമായ ഒരു കാര്യത്തിനായി നടത്തിയ വിട്ടുവീഴ്ചകള്‍ എന്ന നിലയിലാണ് വിശദീകരിക്കുന്നത്.

മകന്‍ എന്ന നിലയില്‍ കുടുംബത്തിലുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായാണ് ഈ പ്രായത്തില്‍ താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വര്‍ഷം രാജ്യത്തെ സേവിച്ചതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

Tags