നാഡീവ്യഹത്തെ ബാധിക്കുന്ന കീടനാശിനികളുടെ സാന്നിധ്യം; ഇന്ത്യൻ മുളകുകൾക്ക് ഇറക്കുമതി നിയന്ത്രണവുമായി ചൈന
കീടനാശിനികൾ, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ചൈന പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിദഗ്ധർ പറയുന്നത്.
നാഡീവ്യൂഹങ്ങൾക്ക് തകരാറുണ്ടാക്കുന്ന മെത്തമിഡോഫോസ് എന്ന രാസവസ്തു കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുളക് ഇറക്കുമതിയിൽ കടുത്ത നിയന്ത്രണവുമായി ചൈന. കഴിഞ്ഞ മാസം ബസ്മതി ഇതര അരിയുടെ 70 കൺസൈൻമെന്റുകളും ചൈന നിരസിച്ചിരുന്നു. ഇത് പിന്നീട് വലിയ തർക്കങ്ങളിലേക്കും വഴി മാറിയിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അരി, പച്ചമുളക് കയറ്റുമതി രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഇന്ത്യയിൽ നിന്ന് ഇവ ഏറ്റവും കൂടുതലായി വാങ്ങുന്നത്.
കീടനാശിനികൾ, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ചൈന പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിദഗ്ധർ പറയുന്നത്. ഏറ്റവും പ്രശസ്തമായ തേജ ഇനം മുളകാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. 1.5 മുതൽ 1.9 ലക്ഷം ടൺ മുളകാണ് ഇന്ത്യ വാർഷികാടിസ്ഥാനത്തിൽ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി വില കുറവായിരുന്നപ്പോൾ ചൈന മുളക് വാങ്ങിക്കൂട്ടിയെന്നും അതിനാൽ ഇനിയുള്ള കയറ്റുമതി മന്ദഗതിയിലാകാമെന്നും റിപ്പോർട്ടുകളുണ്ട്. കീടനാശിനികൾ കണ്ടെത്തിയ മുളകുകൾ ഇതുവരെയ്ക്കും ചൈന തിരിച്ചയച്ചിട്ടില്ല എന്ന് മാത്രമല്ല, അവയിൽ വിലപേശാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഇന്ത്യൻ വ്യാപാരികൾക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ചൈനയിൽ നിന്ന് മാത്രമല്ല, യൂറോപ്പിൽ നിന്നും ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ നിരസിക്കുന്നതിന്റെ തോത് കൂടിയിട്ടുണ്ട്. 20 ശതമാനമായാണ് നിരക്ക് വർധിച്ചത്. ഇത് ഇന്ത്യൻ കർഷകരെ മറ്റ് വിപണികൾ തേടിപ്പോകാൻ നിർബന്ധിതരാകുകയാണ്.കീടനാശിനി തളിക്കാത്തതും ജൈവവുമായ സുഗന്ധവ്യഞ്ജനങ്ങളോടുള്ള വർധിച്ചുവരുന്ന താത്പര്യം കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യൻ കർഷകരുടെ നില പരുങ്ങലിലാക്കിയിരിക്കുകയാണ്.
.jpg)

